ഹിജാബ് നിരോധനം; നിലപാട് മാറ്റി കർണാടകത്തിലെ കോൺഗ്രസ് സർക്കാർ, തല മറക്കുന്ന എല്ലാ വസ്ത്രവും വീണ്ടും നിരോധിച്ചു

2021ൽ അന്നത്തെ ബിജെപി സർക്കാരാണ് കർണാടകത്തിൽ ഹിജാബ് നിരോധിച്ചത്.

0
345

ബംഗളൂരു: ഹിജാബ് നിരോധനം എടുത്തുകളയുമെന്ന ഉറപ്പിൽ നിന്നും പിൻവാങ്ങി കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

2021ല്‍ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത്. നിയമം കൊണ്ടുവന്നാണ് നിരോധിച്ചത്. ഈ നിയമം സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. നിയമം പ്രാബല്യത്തിൽ നിൽക്കെ ഹിജാബ് മത്സര പരീക്ഷകളിൽ അനുവദിച്ചാൽ അത് തിരിച്ചടിയാകുമോയെന്ന് സംശയം ഉയർന്നതിനാലാണ് നിലപാട് മാറ്റിയതെന്നാണ് കരുതുന്നത്. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി. സർക്കാർ നിയമനങ്ങൾക്കായി മത്സര പരീക്ഷകൾ നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്. ഹിജാബ് എന്ന് പ്രത്യേകം പറയാതെ തല മറക്കുന്ന ഒരു വസ്ത്രവും അനുവദിക്കില്ലെന്നാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ഹിജാബ് നിരോധനം എടുത്തുകളയുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

മത്സരാധിഷ്ഠിത പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ഹാളില്‍ പ്രവേശിക്കാന്‍ നേരത്തേ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതൊരു മതേതര രാജ്യമാണെന്നും ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എംസി സുധാകര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ഒരു മണിക്കൂര്‍ മുമ്പ്തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം. അവരെ സമഗ്രമായി പരിശോധിക്കും. ഒരു തരത്തിലുമുള്ള അന്യായങ്ങളും അനുവദിക്കില്ല. നീറ്റ് പരീക്ഷയിലും ഹിജാബ് ധരിക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഇത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് കെഇഎയിമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഉഡുപ്പിയില്‍ വനിതാ പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ ഹിജാബുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു.

English Summary: Karnataka again put ban on hijab for state employment recruitment exams.