ദീപാവലി ആഘോഷത്തിനിടെ വന്‍ തീപിടിത്തം; ലണ്ടനില്‍ ഇന്ത്യന്‍ വംശജരായ അഞ്ചു പേര്‍ മരിച്ചു

മരിച്ചവരിൽ മൂന്നു കുട്ടികളും.

0
666

ലണ്ടന്‍: ലണ്ടനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഹോണ്‍സ്ലോയിലെ വീട്ടിലാണ് തീപിടിത്തമുണ്ടായതെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഇന്ത്യന്‍ വംശജരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ദീപാവലി ആഘോഷത്തിനിടെയാണ് തീ പടര്‍ന്നു പിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യന്‍ വംശജരായ ആരോണ്‍ കിഷന്‍, ഭാര്യ സീമ അവരുടെ മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30നാണ് പൊലീസിന് തീപിടിത്തം സംബന്ധിച്ച വിവരം ലഭിക്കുന്നത്. 10 ഫയര്‍ എഞ്ചിനുകൾ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ നിന്നാണ് അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

English Summary: Five members of Indian origin family die in London house fire.