സംസ്ഥാനത്ത് നവംബര്‍ 21 മുതൽ ബസ് സമരമില്ല; പിന്മാറി ബസ് ഉടമകള്‍

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി.

0
188

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 21 മുതൽ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ചില ഭേദഗതികള്‍ പരിശോധിക്കാമെന്ന് ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കി. 140 കിലോമീറ്റ‍ർ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും ക്യാമറകള്‍ ഘടിപ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കില്‍ എണ്ണത്തില്‍ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ കൺസഷൻ വിഷയത്തിൽ രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. റിപ്പോ‍ർട്ട് ഡിസംബർ 31നകം സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. ചില ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍, സർക്കാരുമായി ഏറ്റുമുട്ടാനില്ലെന്നും തങ്ങൾ ഉന്നയിച്ച കാതലായ വിഷയങ്ങളിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബസ് ഉടമകൾ പറഞ്ഞു.

English Summary: There will be no bus strike in the state from November 21.