തിരുവനന്തപുരം: ആരോഗ്യ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് വിലങ്ങുമായി ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി സെയ്ദ് മുഹമ്മദിനെയാണ് (28) മംഗലപുരത്തുനിന്ന് പിടികൂടിയത്. മംഗലപുരം കാരമൂട്ടിലെ കളിമണ്‍ ഖനന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു. മ്യൂസിയം പൊലീസാണ് തിങ്കള്‍ വൈകിട്ട് ഇയാളെ പിടികൂടിയത്. വ്യാഴം വൈകിട്ട് നാലോടെ ജനറല്‍ ആശുപത്രിയില്‍വച്ച് മ്യൂസിയം എസ്‌ഐ രജീഷിനെ ആക്രമിച്ച ശേഷം കൈവിലങ്ങോടെ റോഡിലേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. പാറ്റൂര്‍ ഭാഗത്തേക്ക് ഓടിപ്പോയ ഇയാള്‍ ഒരു ഓട്ടോയില്‍ മെഡിക്കല്‍ കോളേജിലേക്ക് പോയി. ഇവിടെ ഇറങ്ങി മറ്റൊരു ഓട്ടോയില്‍ കയറി കഴക്കൂട്ടത്തേക്ക് രക്ഷപ്പെട്ടു.
ഷര്‍ട്ട് കൊണ്ട് കൈമറച്ച് പിടിച്ചിരുന്നു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ പരിചയക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ലോ കോളേജിന് സമീപത്തെ ഒരു ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായാണ് 14 ദിവസം മുമ്പ് ഇയാളെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസാണ് മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍നിന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി ആരോഗ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്.
English Summary: Accused in drug case who escaped from hospital arrested.