ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നു; 40 തൊഴിലാളികൾ കുടുങ്ങി

150 മീറ്റര്‍ നീളമുള്ള സ്ലാബ് മാറ്റിയാല്‍ മാത്രമേ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയൂവെന്ന് രക്ഷാപ്രവര്‍ത്തകര്‍.

0
178

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് 40 തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ചാര്‍ ധാം റോഡ് പ്രോജക്ടിന്റെ ഭാഗമായി സിക്യാരയേയും ദംദാല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് തകര്‍ന്നത്. ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നാലര കിലോമീറ്റര്‍ ടണലിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. 150 മീറ്റര്‍ നീളമുള്ള സ്ലാബ് മാറ്റിയാല്‍ മാത്രമേ ടണല്‍ തുറന്ന് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുള്ളു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ടണലിന് ഉള്ളിലേക്ക് ഓക്‌സിജന്‍ എത്തിക്കാനായി ചെറിയൊരു ഭാഗം തുറക്കാന്‍ സാധിച്ചിട്ടുള്ളതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് വെർട്ടിക്കൽ ഡ്രില്ലിംഗ് മെഷീനുകൾ കൊണ്ടുവന്നിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർക്കായി ഓക്സിജൻ പൈപ്പുകൾ ഉള്ളിലേക്ക് അയച്ചിട്ടുണ്ട്. മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കുന്നതിന് രണ്ട്-മൂന്ന് ദിവസമെടുക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെയെല്ലാം സുരക്ഷിതരായി തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. തുരങ്കം തുടങ്ങുന്ന സ്ഥലത്തുനിന്നും 200 മീറ്റർ മുന്നിലാണ് തുരങ്കം തകർന്നതെന്ന് ഉത്തരകാശി എസ്പി അർപൺ യദുവൻഷി പറഞ്ഞു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉടൻ തന്നെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Under Construction Tunnel Collapses In Uttarakhand, 36 Workers Feared Trapped.