ഒടിടി, ഡിജിറ്റൽ മീഡിയ ഉള്ളടക്കം നിയന്ത്രിക്കും; പുതിയ നിയമവുമായി കേന്ദ്രം

ഗുരുതര കുറ്റങ്ങൾക്ക്‌ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയുമുണ്ടാകും.

0
207

ന്യൂഡൽഹി: ഡിജിറ്റൽ മീഡിയകളുടെയും ഒടിടി പ്ലാറ്റ്ഫോമുകളുടെയും ഉള്ളടക്കം നിയന്ത്രിക്കാൻ കർശനവ്യവസ്ഥകളുള്ള പുതിയ ബില്ലിന്റെ കരട്‌ പുറത്തിറക്കി കേന്ദ്രസർക്കാർ. ബ്രോഡ്‌കാസ്റ്റിങ് സർവീസ്‌ റെഗുലേഷൻ ബില്ലിൽ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി. കാലഹരണപ്പെട്ട ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കുംപകരം പുതിയകാലത്തിന് അനുസൃതമായ ഏകീകൃത നിയമം കൊണ്ടുവരികയാണെന്ന്‌ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്‌താക്കൂർ എക്‌സിൽ പ്രതികരിച്ചു.

ഒടിടി, ഡിജിറ്റൽ മീഡിയ, ഡിടിഎച്ച്‌, ഐപിടിവി തുടങ്ങിയ മേഖലകൾക്ക്‌ ബാധകമാകുന്ന വ്യവസ്ഥകൾ പുതിയ ബില്ലിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നതോടെ മൂന്നുപതിറ്റാണ്ടായി നിലവിലുള്ള 1995ലെ കേബിൾ ടിവി നെറ്റ്‌വർക്ക്‌ റെഗുലേഷൻ നിയമം (സിടിഎൻ ആക്ട്) ഇല്ലാതാകും. ഒടിടി, ഡിജിറ്റൽ മീഡിയ ഉള്ളടക്കം വിലയിരുത്താനുള്ള സമിതിയും സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ ഉപദേശകസമിതിയും ഏർപ്പെടുത്തണമെന്ന്‌ പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്‌. നിയമലംഘനമുണ്ടായാൽ മുന്നറിയിപ്പ്‌, പിഴ, വിലക്ക്‌ തുടങ്ങിയവ ഉണ്ടാകും. ഗുരുതര കുറ്റങ്ങൾക്ക്‌ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷയുമുണ്ടാകും.

English Summary: OTT and digital media content will be managed; Center with new law.