ആശുപത്രികള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണം രൂക്ഷം; നവജാതശിശു അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു

ഇൻക്യുബേറ്ററുകളിലുള്ള 39 കുഞ്ഞുങ്ങളുടെ നില അപകടത്തിലാണ്‌.

0
695

ഗാസ സിറ്റി: അന്താരാഷ്‌ട്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഗാസയിലെ ആശുപത്രികൾ വളഞ്ഞാക്രമിച്ച്‌ ഇസ്രയേൽ. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അൽ ഷിഫയിലെ തീവ്രപരിചരണ വിഭാഗം ഇസ്രയേൽ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ തകർന്നു. ഇൻക്യുബേറ്ററിൽ ചികിത്സയിലിരുന്ന നവജാത ശിശു അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. പിഞ്ചുകുഞ്ഞിനുപുറമെ ഒരു യുവാവാണ് കൊല്ലപ്പെട്ടതെന്ന് പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇൻക്യുബേറ്ററുകളിലുള്ള 39 കുഞ്ഞുങ്ങളുടെ നില അപകടത്തിലാണ്‌. ശ്വാസത്തിനായി പിടയുന്ന സാഹചര്യമാണ് ഗാസയിലെ ആശുപത്രിയിൽ. നിരോധിത ആയുധമായ വൈറ്റ്‌ ഫോസ്‌ഫറസ്‌ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്‌. വൈദ്യുതി, ആശയ വിനിമയ ബന്ധം പൂർണമായി നിലച്ചതോടെ ആശുപത്രി ഒറ്റപ്പെട്ടു. ചികിത്സയിലുള്ള 5000 രോഗികളും ചികിത്സ കാത്തിരിക്കുന്ന 800 രോഗികളും അഭയം തേടിയ നൂറുകണക്കിനുപേരും ആരോഗ്യപ്രവർത്തകരും ബന്ദികളാക്കപ്പെട്ട നിലയിലാണ്‌. ഏതാണ്ട്
ഇരുപതിനായിരത്തോളം പേരാണ് ഇവിടെയുള്ളത്. അത്യാഹിത വിഭാഗത്തിലുളള രോഗികള്‍ മരണത്തിന് കീഴടങ്ങി തുടങ്ങിയതായി ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശുപത്രിയുമായുളള ആശയ വിനിമയം പൂര്‍ണമായും നഷ്ടമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അൽഖുദ്സ് ആശുപത്രിയുടെ 20 മീറ്റർ അടുത്ത്‌ ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ആശുപത്രിക്കുനേരെ തുടർച്ചയായി വെടിവയ്‌പ്പുണ്ടെന്നും റെഡ്‌ക്രസന്റ്‌ അറിയിച്ചു. ഗാസയിലെ മറ്റ് ആശുപത്രികള്‍ക്ക് നേരെയും ഇസ്രായേല്‍ സേന ആക്രമണം ശക്തമാക്കി.
ഒക്‌ടോബർ ആദ്യം അൽ അഹ്‌ലി ആശുപത്രിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടിരുന്നു. ജനീവ കൺവൻഷൻ പ്രകാരം ഗുരുതര യുദ്ധക്കുറ്റമായി ഗണിക്കുന്ന അതിക്രമത്തിൽ കുറ്റാരോപിതരായിരിക്കെയാണ്‌ ഇസ്രയേൽ വീണ്ടും ആശുപത്രികൾ തകർക്കുന്നത്‌.

വടക്കൻ ഗാസയിലെ വീടുകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നുസെറാത്ത് അഭയാർഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയയിൽ ഇസ്രയേൽ മിസൈലുകൾ പതിച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 11,100 ആയി.

English Summary: Israeli tanks surround Gaza’s Al-Shifa Hospital.