മോദി സർക്കാരിന്റെ ‘സ്വച്ഛ് ഭാരത് മിഷൻ’ പരാജയം: റിപ്പോർട്ട്

കക്കൂസ് ഉപയോഗം മെച്ചപ്പെടുത്താൻ രൂപീകരിച്ച പരിപാടികളൊന്നും കാര്യക്ഷമമല്ല.

0
283

ന്യൂഡൽഹി: രാജ്യ വ്യാപകമായി മോദി സർക്കാർ നടപ്പാക്കിയ ‘സ്വച്ഛ് ഭാരത് മിഷൻ’ (ക്ലീൻ ഇന്ത്യ മിഷൻ) പരാജയമെന്ന് ഡബ്ലിയുബിജി(ലോക ബാങ്ക് ഗ്രൂപ്പ്). 2019 ൽ രാജ്യ വ്യാപകമായി ശുചിത്വ യജ്ഞത്തിന് രാജ്യം അംഗീകാരം നേടി. എന്നാൽ ​ഗ്രാമീണ മേഖലകളിൽ ഇപ്പോഴും പഴയ ശീലങ്ങൾ തുടരുന്നതായാണ് റിപ്പോർട്ട്. കൂടാതെ എസ്ബിഎംജി (സ്വച്ഛ് ഭാരത് മിഷൻ) യുടെ നേട്ടങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും പരസ്പര വിരുദ്ധവുമാണെന്നും കണ്ടെത്തി.

കക്കൂസ് ഉപയോഗം മെച്ചപ്പെടുത്താൻ രൂപീകരിച്ച പരിപാടികളൊന്നും കാര്യക്ഷമമല്ല. സ്വച്ഛ് ഭാരത് മിഷന്റെ ആദ്യ വർഷങ്ങളിൽ കക്കൂസ് ഉപയോ​ഗത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇത് കുറയുകയാണുണ്ടായത്. ‘കഴിഞ്ഞ 50 വർഷക്കാലമായി ഇന്ത്യക്കാരുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും എണ്ണമറ്റ ആരോഗ്യപ്രശ്‌നങ്ങളും ശുചിത്വ പ്രശ്‌നങ്ങളും ഇപ്പോഴും അഭിമുഖീകരിക്കുന്നതായി കാണാം. ഇതിന്റെ പ്രധാന കാരണം തുറന്ന മലമൂത്ര വിസർജ്ജനമാണ്,’ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ ജേണൽ ഓഫ് ക്ലിനിക്കൽ ആൻ‍ഡ് ഡയഗണോസ്റ്റിക് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

യുപി, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിൽ സ്ഥിരമായ കക്കൂസ് ഉപയോഗത്തിൽ കുറവുണ്ട്. 2019 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ കണക്കനുസരിച്ച് രാജസ്ഥാൻ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് ,മഹാരാഷ്ട്ര ജാർഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിലും ടോയ്‌ലറ്റ് ഉപയോഗത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നത് ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്ത് നിരവധി അസുഖങ്ങൾ ഉണ്ടാക്കുകയും രോഗ വ്യാപനം വർധിപ്പിക്കുന്നതുമായി എൻഎൽഎം (നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ) മുന്നറിയിപ്പ് നൽകുന്നുണ്ട്.

നിലവിൽ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം പേർ വയറിളക്കരോഗത്തെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്. എൻഎൽഎം കണക്കനുസരിച്ച് ഓരോ 40 സെക്കന്റിലും ശുചിത്വ കുറവിനെ തുടർന്ന് ഒരു ജീവൻ നഷ്ടപ്പെടുന്നുണ്ട്.