നിയമസഭ പാസാക്കിയ ബിൽ നിരാകരിക്കരുത്; പഞ്ചാബ് ഗവർണറോട് സുപ്രീം കോടതി

നിയമ സഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വക്കാൻ ഗവർണർക്ക് ആരാണ് അധികാരം നൽകിയതെന്ന് പഞ്ചാബിന്റെ ഹർജിയിൽ വാദം കേൾക്കവെ സുപ്രീം കോടതി ചോദിച്ചു.

0
183

ന്യൂഡൽഹി: ഗവർണർമാർ സംസ്ഥാന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർ തീകൊണ്ട് കളിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. പഞ്ചാബ്, തമിഴ്‌നാട് സർക്കാരുകളുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. പഞ്ചാബ് സർക്കാരിനെരെയും കോടതി വിമർശനം ഉന്നയിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉദ്ദേശത്തിനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ഇക്കാര്യം ഭരണഘടനയിൽ പറയുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. നിയമ സഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വക്കാൻ ഗവർണർക്ക് ആരാണ് അധികാരം നൽകിയതെന്ന് പഞ്ചാബിന്റെ ഹർജിയിൽ വാദം കേൾക്കവെ സുപ്രീം കോടതി ചോദിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ ഗവർണർ തടഞ്ഞു വച്ചിരിക്കുന്നു എന്നാരോപിച്ച് പഞ്ചാബ്, തമിഴ്‌നാട് സർക്കാരുകൾ സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

സർക്കാരും ഗവർണറും തമ്മിലുളള ഇത്തരം തർക്കങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല. ഗവർണർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യം എവിടെ എത്തി നിൽക്കുമെന്നും കോടതി ചോദിച്ചു. വർഷക്കാലം സമ്മേളനം ചേരാത്തത്തിൽ പഞ്ചാബ് സർക്കാരിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു.

തമിഴ് നാടിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ലോകായുക്ത ഉൾപ്പെടെയുളള സുപ്രധാന ബില്ലുകൾ ഗവർണർ തടഞ്ഞുവച്ചിരിക്കുന്നു എന്ന് ചൂണ്ടികാട്ടി കേരള സർക്കാർ നൽകിയ ഹർജിയും സുപ്രീം കോടതിയുടെ പരഗണനയിലാണ്..