ഒറ്റ വീസയിൽ 6 രാജ്യങ്ങൾ കാണാം; ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം

ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ.

0
213

മസ്കറ്റ്: ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ​ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോ​ഗം അം​ഗീകാരം നൽകി. മസ്കറ്റിൽ ചേർന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജി സി സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗത്തിൽ തുടക്കം കുറിച്ചു.

യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, യുഎഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സായിഫ് സായിദ് അൽ നഹ്‌യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സഊദ് അൽ സഊദ്, ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി എന്നിവർ പങ്കെടുത്തു. മസ്‌കത്തിലെത്തിയ ആഭ്യന്തര മന്ത്രിമാർക്ക് സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്.

ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ. യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വീസ. അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്. ദുബായ്–ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നും യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവംബറിൽ ചർച്ച ചെയ്യുമെന്നും യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തിരുന്നു.