കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ഇഡി യൂണിറ്റാണ് കെ കെ എബ്രാഹാമിനെ അറസ്റ്റ് ചെയ്തത്.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 8ന് ബാങ്കിൽ ഇഡി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ പ്രാദേശിക കോൺഗ്രസ് നേതാവും ബാങ്കിലെ ഇടപാടുകാരനുമായ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ കെ എബ്രഹാമിലേക്കും മറ്റ് കോൺഗ്രസ് നേതാക്കളിലേക്കും അന്വേഷണം എത്തിയത്. പുൽപ്പള്ളി സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റ് രമ ദേവിയടക്കമുള്ള നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖകൾ ഉപയോഗിച്ച് ലോൺ എടുക്കൽ തുടങ്ങിയ ക്രമക്കേട് സംബന്ധിച്ചാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെയാളാണ് കെ കെ എബ്രഹാം. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കെ കെ എബ്രഹാം കെപിസിസി സ്ഥാനം രാജിവെച്ചിരുന്നു.
സഹകരണ ബാങ്കിൽ 8 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തൽ. കടബാധ്യതയെ തുടർന്ന് ഒരു കർഷകൻ ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും കെ കെ എബ്രഹാമിനെതിരെ പരാതി നൽകിയിട്ടുണ്ട്.