കേരളീയം ജനം നെഞ്ചേറ്റി. തലസ്ഥാനം ജനസമുദ്രമായി. തുടർന്നും കേരളീയം സംഘടിപ്പിക്കാൻ ഈ വിജയം പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കേരളീയത്തിനുള്ള തയ്യാറെടുപ്പ് ഇപ്പോൾ തന്നെ തുടങ്ങും. അടുത്ത കേരളീയത്തിനുള്ള സംഘാടക സമിതിയെ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനും കെഎസ്ഐഡിസി എം ഡി കൺവീനറുമാകും. ഇത്തവണ ബഹിഷ്കരിച്ചവർ അടുത്ത തവണ സഹകരിക്കാൻ സ്നേഹബുദ്ധ്യാ ഉപദേശിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര്യത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കും. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകാൻ കേരളത്തിന് കഴിയും. കേരളീയം നടക്കാനിരിക്കുന്ന അടുത്ത നവംബർ ഒന്നിന് ആ ലക്ഷ്യം കൈവരിക്കും. കേരളീയത്തിന്റെ സമാപന വേദിയിൽ ബിജെപി നേതാവ് ഒ രാജഗോപാൽ എത്തിയത് കേരളീയത്തെ കുറിച്ച് ഉയർത്തിയ ആക്ഷേപങ്ങളും വിമർശനങ്ങളും വലിയ തോതിൽ ബാധിക്കുന്നില്ലെന്നതിന്റെ സൂചനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിൽ 25 സെമിനാറുകൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. വലിയ പങ്കാളിത്തമാണ് സെമിനാറുകളിലുടനീളമുണ്ടായത്. ഈ സെമിനാറുകളിലൂടെ ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുരോഗതി അവതരിപ്പിക്കാനായി. ഭാവി കേരളത്തിന്റെ നയ രൂപീകരണത്തിന് സഹായകമാകും വിധം ലോകത്തിന്റെ വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ സാന്നിദ്ധ്യവും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെമിനാറുകളെ സമ്പന്നമാക്കി. 220 പ്രഭാഷകരാണ് വിഷയാവതരണം നടത്തിയത്. 30839 പേർ സെമിനാറിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.