കേരളീയം ലോഗോ പ്രതിഫലം; വ്യാജവാർത്ത ഉണ്ടാക്കിയത് മറുനാടൻ

0
122

തിരുവനന്തപുരം: കേരളീയം ലോഗോ തയ്യാറാക്കാൻ പ്രമുഖ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ഏഴു കോടി രൂപ കൈപ്പറ്റിയെന്ന് വ്യാജവാർത്ത ഉണ്ടാക്കിയതിനുപിന്നിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ. ഷാജന്റെ നേരിട്ടുള്ള ഇടപെടലിലാണ് ഇത്തരമൊരു വ്യാജവാർത്ത പ്രചരിപ്പിച്ചത്. വസ്തുത പുറത്തുവന്നതോടെ വാർത്ത തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ ഷാജൻ സ്കറിയ ഇതുവരെ തയ്യാറായിട്ടില്ല. ഷാജന്റെ വ്യാജവാർത്ത ഏറ്റെടുത്ത് കോൺഗ്രസ് സൈബർ വിഭാഗമായ കോട്ടയം കുഞ്ഞച്ചൻമാർ സമൂഹമാധ്യമങ്ങളിൽ ഇത് വലിയ തോതിൽ പ്രചരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തും ആദരിക്കപ്പെടുന്ന ബോസ് കൃഷ്ണമാചാരിയെ പോലുള്ള കലാകാരന്മാരെ ബോധപൂർവം അവഹേളിക്കാൻ വേണ്ടിയായിരുന്നു ഷാജൻ സ്കറിയ മറുനാടൻ മലയാളിയിലൂടെ വ്യാജ വാർത്ത അടിച്ചുവിട്ടത്.

കേരളീയം ലോഗോ രൂപകൽപ്പന ചെയ്യാൻ ബോസ് കൃഷ്ണമാചാരിക്ക് ഏഴുകോടി രൂപ, ഇല്യൂമിനേഷൻ ഉണ്ടാക്കാൻ ഊരാളുങ്കലിന് 2.8 കോടി രൂപ, കലാകാരന്മാർക്ക് സ്വപ്നതുല്യമായ പ്രതിഫലം എന്ന തലക്കെട്ടിലാണ് മറുനാടൻ വ്യാജവാർത്ത കൊടുത്തത്. ഈ വ്യാജവാർത്ത വന്നതോടെ കോൺഗ്രസുകാർ ഇതെടുത്ത് വലിയ തോതിൽ പ്രചരിപ്പിച്ചു. സമൂഹമാധ്യമങ്ങളിലും കൊണ്ടുനടന്നു പ്രചരിപ്പിച്ചു. ഷിബി പി കെ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ബോസ് കൃഷ്ണമാചാരിയെ വ്യക്തിപരമായി അവഹേളിച്ച് പോസ്റ്റും വന്നു. പിന്നാലെ ചില അമാനവ ഉത്തമവാദികളും ഈ വ്യാജവാർത്ത ഏറ്റെടുത്തു. വാർത്തയുടെ വസ്തുത പോലും പരിശോധിക്കാതെയായിരുന്നു വ്യാജപ്രചാരണം.
എന്നാൽ, വാർത്ത നിഷേധിച്ച് ബോസ് കൃഷ്ണമാചാരി തന്നെ രംഗത്തുവന്നു. ഏഴു കോടി പോയിട്ട് ഒരു രൂപ പോലും താൻ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും തികച്ചും സൗജന്യമായാണ് ലോഗോ രൂപകൽപ്പന ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ വ്യാജവാർത്ത ഏറ്റെടുത്ത പലരും തങ്ങളുടെ പോസ്റ്റുകൾ പിൻവലിച്ചു. വസ്തുത പുറത്തുവന്നിട്ടും വ്യാജവാർത്ത തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ ഷാജൻ ഇതുവരെ തയ്യാറായിട്ടില്ല.

അന്ധമായ സിപിഐ എം വിരോധവും മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അസൂയയും മൂത്ത ഷാജൻ സ്കറിയ സിപിഐ എം വിരുദ്ധ വാർത്തകൾ മാത്രമാണ് പലപ്പോഴും കൊടുക്കാറ്. ലോകത്തിന്റെ ഏത് മൂലയിൽ എന്തുനടന്നാലും അതിനെയെല്ലാം സിപിഐ എം വിരുദ്ധതയുടെ പേരിൽ വാർത്തകൾ ഉൽപ്പാദിപ്പിക്കാനും മിടുക്കനാണ്. അതേസമയം, കോൺഗ്രസിനെയും പ്രത്യേകിച്ച് ബിജെപിയെയും പിന്തുണക്കുന്ന നിലപാടാണ് ഇയാൾക്ക്. വ്യാജവാർത്ത ഉണ്ടാക്കിയെടുത്ത് അത് സമൂഹത്തിൽ ഭിന്നിപ്പും കലാപവും ഉണ്ടാക്കാൻ വേണ്ടി വഴി തിരിച്ചുവിടുന്ന സമീപനമാണ് ഷാജൻ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് ലോഗോയുടെ പേരിൽ വ്യാജവാർത്ത ഉണ്ടാക്കിയത്. ഒരു തെളിവോ രേഖയോ ഒന്നുമില്ലാതെയാണ് വ്യാജവാർത്ത പടച്ചുവിട്ടത്. കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമങ്ങൾ, പ്രത്യേകിച്ച് സർക്കാർ വിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങളോ ഇത്തരമൊരു വാർത്ത കൊടുത്തിട്ടുമില്ല. കേരളീയത്തെ ബോധപൂർവം ഇകഴ്ത്തിക്കാട്ടാനും അതുവഴി മലയാളത്തെയും മലയാളികളെയും അവഹേളിക്കാനും കൂടിയായിരുന്നു മറുനാടൻ ഷാജൻ ഇത്തരമൊരു വ്യാജവാർത്ത കൊടുത്തത്.
വ്യാജവാർത്ത കൊടുത്ത് കേരളീയത്തെ അവഹേളിക്കാൻ ശ്രമിച്ച ഷാജൻ സ്കറിയക്കെതിരെ കർശന നിയമ നടപടി വേണമെന്ന അഭിപ്രായം ഇതിനകം സമൂഹത്തിൽ ഉയർന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.