തൃശൂര്‍ നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരന് ഗുരുതരം

പരിക്കേറ്റവരില്‍ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

0
393

തൃശൂര്‍: നഗരത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. ഇന്നലെ രാത്രി 11.30 ഓടെ റെയില്‍വേ സ്റ്റേഷന് സമീപം ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫിസിന് സമീപത്തായിരുന്നു സംഭവം.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ശ്രീരാജ്, ഇവരെ ആക്രമിച്ച സംഘത്തിലെ അല്‍ത്താഫ് എന്നിവരും സംഘട്ടനത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ശ്രീരാഗും സംഘവും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്കുവരികയായിരുന്നു. ദിവാന്‍ജിമൂല കോളനിക്കുള്ളിലൂടെ പുറത്തേക്ക് വന്ന ഇവരെ അല്‍ത്താഫും സംഘവും തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ശ്രീരാഗിന്റെ കൈയിലുണ്ടായിരുന്ന കവര്‍ പരിശോധിക്കാന്‍ ശ്രമിച്ചതോടെ തര്‍ക്കമായി. ഇതിന്റെ തുടര്‍ച്ചയായാണ് കത്തിക്കുത്ത് ഉണ്ടായത്.

ശ്രീരാഗ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ദിവാന്‍ജി മൂല പ്രദേശത്ത് രാത്രി പിടിച്ചു പറി നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന. ഈ പ്രദേശം ലഹരി വില്‍പനക്കാരുടെയും ക്രിമിനല്‍ സംഘങ്ങളുടെയും താവളമാണെന്ന് ഏറെ നാളായി നാട്ടുകാര്‍ക്കും പരാതിയുണ്ട്.

English Summary: Youth stabbed to death in Thrissur.