സുരേഷ്‌ഗോപിയല്ല ആര് നടന്നാലും കാര്യമില്ല; തൃശൂർ കിട്ടിയേ പറ്റുവെന്ന് ബിഡിജെഎസ്

സുരേഷ്‌ഗോപിക്കെതിരെ ബിജെപി തൃശൂർ ജില്ലാക്കമ്മിറ്റിയും കടുത്ത വിമർശനവുമായി രംഗത്തുവന്നു.

0
855

തൃശൂർ: തൃശൂർ സീറ്റ് ബിഡിജെഎസിന് തന്നെ വേണമെന്ന് സംസ്ഥാന നേതൃത്വം. സ്വയം സ്ഥാനാർഥി ചമഞ്ഞ്‌ സുരേഷ് ഗോപിയല്ല ആര് നടന്നാലും ഒരു കാര്യവുമില്ലെന്നും തൃശൂർ തങ്ങൾക്ക് കിട്ടിയേ പറ്റുകയുള്ളുവെന്നും കാട്ടി ബിഡിജെഎസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം അടുത്തുതന്നെ ബിജെപി നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും. അതിനിടെ സുരേഷ്‌ഗോപിക്കെതിരെ ബിജെപി തൃശൂർ ജില്ലാക്കമ്മിറ്റിയും കടുത്ത വിമർശനവുമായി രംഗത്തുവന്നു.

മുൻധാരണ അനുസരിച്ച് തൃശൂർ ലോക്സഭാ സീറ്റ് ഇക്കുറി ബിഡിജെഎസിന് ആണ് ബിജെപി കേന്ദ്ര നേതൃത്വം അനുവദിച്ചിരുന്നത്. എൻ ഡി എ മുന്നണിയിലെ ധാരണപ്രകാരം ആണിത്. ഇതിനിടയിലാണ് കരുവന്നൂരിന്റെയും മറ്റും പേര് പറഞ്ഞ് സുരേഷ്‌ഗോപി സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് രംഗത്തുവന്നത്. സുരേഷ് ഗോപിയുടെ ഈ നടപടിയിൽ ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർക്ക് കടുത്ത പ്രതിഷേധവുമുണ്ട്. മുന്നണിയിലെ ധാരണ അനുസരിച്ച് സീറ്റ് ചർച്ച പോലും നടക്കാത്ത സമയത്ത് സുരേഷ് ഗോപി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ തങ്ങൾക്ക് അംഗീകരിക്കാം കഴിയില്ലെന്നാണ് ബിഡിജെഎസ് വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രി അടക്കം മുതിർന്ന പല ബിജെപി ദേശീയ നേതാക്കളുമായി ബന്ധം ഉണ്ടെങ്കിലും അതൊന്നും മുന്നണിയുടെ ധാരണയെ ബാധിക്കരുതെന്നും തുഷാർ വെള്ളാപ്പള്ളിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇക്കാര്യം കഴിഞ്ഞയാഴ്ച കേരളത്തിൽ വന്ന ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. മുന്നണി മര്യാദ സുരേഷ്‌ഗോപിയല്ല ആര് ലംഘിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബിഡിജെഎസിന്റെ മുന്നറിയിപ്പ്.

ഇതിനിടയിലാണ് സുരേഷ്‌ഗോപിക്കെതിരെ ബിജെപി ബിജെപി ജില്ലാകമ്മിറ്റിയിൽ വിമർശനം ഉയർന്നത്. അഹങ്കാരവും പക്വതയില്ലായ്‌മയും കൊണ്ടുനടക്കുന്ന നടൻ ബാധ്യതയായെന്ന്‌ ബിജെപി ജില്ലാ യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. ഇങ്ങനെ മുന്നോട്ട്‌ പോയാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മൂന്നാം സ്ഥാനത്തെത്താൻ പോലും ഏറെപണിപ്പെടേണ്ടിവരും. ഇക്കാര്യം സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. അഹങ്കാരവും തൻപ്രമാണിത്തവും പക്വതക്കുറവും രാഷ്ട്രീയപ്രവർത്തനത്തിന്‌ ചേരില്ലെന്ന പ്രാഥമിക വിവരം പോലുമില്ലാതെയാണ്‌ സുരേഷ്‌ഗോപിയുടെ ഇടപെടൽ.

സുരേഷ്‌ ഗോപി 80 ശതമാനം നടനും 20 ശതമാനം രാഷ്ട്രീയക്കാരനുമാണെന്ന്‌ രമേശ്‌ തുറന്നുപറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലാണ്‌.
സിനിമയുടെ പ്രചാരണത്തിന്‌ വന്ന സുരേഷ്‌ ഗോപി രാഷ്ട്രീയം പറഞ്ഞ്‌ കുളമാക്കുകയും മാധ്യമപ്രവർത്തകയെ അപമാനിക്കുകയും ചെയ്‌തതിലൂടെ പക്വതയില്ലാത്ത നേതാവെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തിയെന്നും നേതാക്കൾ വിമർശിച്ചു. ഇയാളെ ചുമന്നുനടന്നാൽ വലിയ ദോഷമുണ്ടാകുമെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.

English Summary: BJP Thrissur district committee against Sureshgopi.