വനസുന്ദരിയും കട്ടൻ കാപ്പിയും പിന്നെ കേരളീയവും

3000 ലേറെ രുചികൾ, അതും കേരളത്തിന്റെ സ്വന്തം.

0
160

തിരുവനന്തപുരം: ചുരമിറങ്ങിയ വനസുന്ദരി, കാട്ടുകിഴങ്ങും കാന്താരിയും, മുളയരിപ്പായസം, കമ്പ് പായസം… സാധാരണ ഭക്ഷണ സങ്കല്പങ്ങൾക്കപ്പുറം കേരളീയം പകരുന്നത് രുചിയുടെ പുതുവസന്തം. കേരളീയത്തിന്റെ ഫുഡ് കോർട്ടുകളിൽ വരുന്നവർക്കൊക്കെ വനസുന്ദരിയെ കാണാൻ അതിമോഹം. ചുരുങ്ങിയത് ഒരു 20 മിനിറ്റ് കാത്തിരുന്നാൽ ആവി പറക്കുന്ന വനസുന്ദരി മുന്നിൽ റെഡി. ഒടുക്കത്തെ ടേസ്റ്റ് ആണ് തന്നെ, തട്ടിക്കോ എന്ന് തലസ്ഥാനനഗരി. അക്ഷരാർത്ഥത്തിൽ രുചിയുടെ ഭക്ഷ്യ വൈവിധ്യത്തിന്റെ കൂട്ടായ്മ തീർക്കുന്നു കേരളീയം.

മാനവീയം വീഥി മുതൽ കിഴക്കേകോട്ട വരെ കേരളത്തിന്റെ തനത് രുചികൾ ഉൾപ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവൽ ആണ് നടക്കുന്നത്. അണമുറിയാത്ത ജനങ്ങൾ ഇത്തരം ഭക്ഷ്യമേള കോർട്ടുകളിലേക്ക് എത്തുകയും ചെയ്യുന്നു. തട്ടുകട മുതൽ ഫൈവ്സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികൾ സ്റ്റാളുകൾ ഫെസ്റ്റിവലിൽ സജ്ജമായിരുന്നു. 3000 ലേറെ രുചികൾ, അതും കേരളത്തിന്റെ സ്വന്തം. ലോകത്തെ ഏറ്റവും വലിയ മെനു കാർഡ് കേരളീയം ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി. രാപകൽ ഭേദമില്ലാതെ ആയിരങ്ങളാണ്‌ കേരളീയം വേദികളിലേക്കെത്തിയത്. അർധരാത്രിയിലും അവസാനിക്കാത്ത ഒഴുക്കിനെ മിഴിയടയ്‌ക്കാതെ നഗരവും വരവേറ്റു.

സീഫുഡ്‌ ഫെസ്റ്റും പെറ്റ്‌ഫുഡ്‌ ഫെസ്റ്റും പരമ്പരാഗത വിഭവ ഫെസ്റ്റുമടക്കം ഭക്ഷ്യമേളകളിൽ ആൾക്കാരുടെ തള്ളിക്കയറ്റത്തിന് അർധരാത്രിയിലും കുറവുണ്ടായില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളായ ഹൈസിന്ത്‌, ഗോകുലം, കെടിഡിസി മാസ്‌കറ്റ്‌, ലീല റാവിസ്‌, ഹിൽട്ടൻ എന്നിവ സെൻട്രൽ സ്‌റ്റേഡിയത്തിൽ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഭക്ഷ്യമേള പ്രധാന ആകർഷണമാണ്‌. വൈകിട്ട്‌ നാലുമുതൽ 10 വരെയാണ്‌ പഞ്ചനക്ഷത്ര ഭക്ഷ്യമേള. ലൈവ്‌ ഭക്ഷ്യമേളയിൽ പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദു പഴയിടവും ചേർന്ന്‌ വെള്ളിയാഴ്‌ച പാലട പ്രഥമനൊരുക്കി.

English Summary: keraleeyam food fest 2023.