കേരളീയത്തെ നാട് പൂർണമായി നെഞ്ചേറ്റി, വൻവിജയമാക്കിയത് ജനങ്ങളെന്ന് മുഖ്യമന്ത്രി

വരും വർഷങ്ങളിലും ആവർത്തിക്കും: മുഖ്യമന്ത്രി.

0
120

തിരുവനന്തപുരം: കേരളീയത്തെ നാട് പൂർണമായും നെഞ്ചേറ്റിയതായാണ് കഴിഞ്ഞ ഏഴു ദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥകൾ ഉണ്ടായിട്ടും ആബാലവൃദ്ധം ജനങ്ങൾ പരിപാടികളിൽ പങ്കു കൊള്ളുന്നതായാണ് കണ്ടതെന്നും ജനങ്ങളാണ് കേരളീയത്തെ വൻ വിജയമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളീയം സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയത്തെ ജനങ്ങൾ വൻവിജയമാക്കി. ഇതാണ് കേരളത്തിന്റെ പ്രത്യേകത. നമ്മുടെ ഒരുമയും ഐക്യവും കൊണ്ട് നമുക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് നാം മുമ്പ് തെളിയിച്ചതാണ് . ഇത് ഇനിയും തുടരണം. തിരുവനന്തപുരത്താണ് പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ നാനാഭാ​ഗത്ത് നിന്നും ജനങ്ങൾ എത്തിച്ചേർന്നു. മഴയെ ഒന്നും കണക്കാക്കാതെ ആബാലവൃദ്ധം ജനങ്ങൾ പങ്കുകൊണ്ടു. ഒരുമയും ഐക്യവും തുടർന്നും ഉണ്ടാകണം. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ എത്തി. നാടിന്റെ അഭിമാനകരമായ നേട്ടം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് പൂർണമായും സാധിച്ചു.

ഈ പരിപാടിക്കെതിരായ വിമർശനങ്ങൾ ഏതെങ്കിലും നെഗറ്റീവ് വശം കൊണ്ടല്ല. ഈ നാട് ഈ വിധം അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ് അതിന് പിന്നിൽ. ചുരുങ്ങിയ നാളുകൾ കൊണ്ട് പരിപാടി സംഘടിപ്പിച്ചത് എങ്ങനെയെന്ന് അന്വേഷിച്ചവരുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പരിപാടി സംഘടിപ്പിക്കുന്നതിന്റെ കാരണം ഗവേഷണം ചെയ്ത്‌ പോയവരുമുണ്ട്. പരിപാടിക്ക് പിന്നിലെ ദുരൂഹത അവർക്ക് ഇപ്പോൾ മനസിലായിക്കാണും. ദേശീയ അന്തർദേശീയ തലത്തിൽ കേരളത്തെ അവതരിപ്പിക്കാൻ പരിപാടിയിലൂടെ സാധിച്ചു. അതുതന്നെയാണ് കേരളീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

നാടിന്റെ നേട്ടങ്ങൾ പൂർണമായും അവതരിപ്പിക്കുക എന്നത് കേരളീയത്തിലൂടെ സാധ്യമായി. ചുരുക്കം ദിവസങ്ങൾ കൊണ്ടുണ്ടായ സംഘാടനമാണെങ്കിലും പരിപാടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പുതുതലമുറയുടെ പങ്കാളിത്തം വലിയ തോതിൽ ഉണ്ടായി. ഇവയൊക്കെയാണ് തുടർന്നും കേരളീയം നടത്താൻ സർക്കാരിന് പ്രചോദനമാകുന്നത്. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും കേരളീയം ഇനി എല്ലാ വർഷവും ആവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കേരളീയത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പലസ്തീന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്. പൊരുതുന്ന പലസ്തീന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English Summary: Keraleeyam Big Success; Chief Minister Pinarayi Vijayan.