ആറുകൊല്ലം; ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് 10,122 കോടി രൂപ

കോൺഗ്രസ്- 1,547 കോടി, തൃണമൂൽ കോൺഗ്രസ്- 823 കോടി വീതം സംഭാവന ലഭിച്ചു.

0
271

ന്യൂഡൽഹി: 2016-22 കാലയളവിൽ ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച സംഭാവന 10,122 കോടി രൂപയാണെന്ന് കണക്കുകൾ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ് (എ ഡി ആർ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം. ഇക്കാലയളവിൽ ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും കൂടി 16,437.63 കോടി രൂപ സംഭാവന കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. കണക്കുകൾ അനുസരിച്ച് ബിജെപിക്ക് മറ്റ് പാർട്ടികളെക്കാൾ മൂന്നിരട്ടിയിലേറെ സംഭാവന ലഭിച്ചുവെന്നും വ്യക്തമാകുന്നു.

സംഭാവന കൈപ്പറ്റിയവരിൽ ഏഴ് ദേശീയപാർട്ടികളും 24 പ്രാദേശിക പാർട്ടികളുമുൾപ്പെടും. കോൺഗ്രസിന് 1,547 കോടി രൂപ സംഭാവന ലഭിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് 823 കോടി കിട്ടി. ഇലക്ടറല്‍ ബോണ്ട് വഴി ഓരോ പാർട്ടിക്കും ലഭിച്ച സംഭാവനയുടെ കണക്കുകൾ ഇങ്ങനെ. ബിജെപി- 10,122 കോടി രൂപ, കോൺഗ്രസ്- 1,547 കോടി, തൃണമൂൽ കോൺഗ്രസ്- 823 കോടി, സിപിഐ എം- 367 കോടി, എൻ സി പി- 231 കോടി, ബി എസ് പി: 85 കോടി, സിപിഐ- 13 കോടി രൂപ.

ഈ ആറുവർഷ കാലയളവിനുള്ളിൽ എല്ലാ പാർട്ടികൾക്കുമായി ലഭിച്ച തുക 16,437.63 കോടിയാണ്. ബിജെപിക്ക് ലഭിച്ച സംഭാവനകളുടെ 52 ശതമാനവും ഇലക്ടറല്‍ ബോണ്ടുകൾ വഴിയാണ് എന്നത് വ്യക്തം. കോൺഗ്രസിന് ലഭിച്ച സംഭാവനകളുടെ 61.54 ശതമാനമാണ് ഇലക്ടറൽ ബോണ്ടുകൾ വഴി വന്നത്. അതേസമയം തൃണമൂൽ കോൺഗ്രസിന് ലഭിച്ചതിന്റെ 93.27 ശതമാനവും ഇലക്ടറല്‍ ബോണ്ട് വഴി വന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇലക്ടറല്‍ ബോണ്ടുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സംഭാവന, 20000 ൽ താഴെയുള്ള മറ്റു സംഭാവനകൾ എന്നിങ്ങനെ മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാൻ സാധിക്കു.

English Summary: BJP received the highest donation.