കേന്ദ്രം തീരുമാനിച്ചതിനേക്കാൾ മൂന്നിരട്ടി പേർക്ക് കേരളം സൗജന്യ ചികിത്സ നൽകി: മന്ത്രി വീണാ ജോർജ്

കേരളത്തെ സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നത്.

0
185

തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാൾ മൂന്നിരട്ടി പേർക്ക് സൗജന്യ ചികിത്സ നൽകാൻ കേരളത്തിനു കഴിഞ്ഞെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. കാസ്‌പ് പദ്ധതിയിൽ വരാത്ത ഗുണഭോക്താക്കൾക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സർക്കാർ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് നടപ്പിലാക്കി. 18 വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സ ഉറപ്പാക്കാനായി ആരോഗ്യ കിരണം പദ്ധതിയുമുണ്ടെന്നും മന്ത്രി പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തെ സമ്പൂർണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നത്. ആദ്യമായി സാന്ത്വന പരിചണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. ഇപ്പോൾ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി. കിടപ്പ് രോഗികൾക്ക് പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി ഉറപ്പാക്കി. ഗൃഹ പരിചരണം ശാസ്ത്രീയമാക്കി.

സ്ത്രീകളുടെ വിളർച്ച കണ്ടെത്തി ചികിത്സിക്കുന്നതിന് വിവ കേരളം പദ്ധതി നടപ്പിലാക്കി. താലോലം, ഹൃദ്യം, ശ്രുതിതരംഗം പദ്ധതികൾ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ നടത്തി. നിലച്ചുപോകുമായിരുന്ന പിഞ്ചു ഹൃദയങ്ങളെ ഈ പദ്ധതിയിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചു. നവജാത ശിശുക്കളുടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിനും തുടർചികിത്സകൾ ഉറപ്പാക്കുന്നതിനും ഡിസ്ട്രിക്‌ട് ഏർളി ഇന്റർവെൻഷൻ സെന്റർ നടപ്പിലാക്കി.

ആശുപത്രി, ഡോക്ടർ, രോഗി അനുപാതത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. നീതി ആയോഗ് സൂചികയിൽ സംസ്ഥാനം തുടർച്ചയായി ഒന്നാമതാണ്. മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ശിശുമരണ നിരക്ക് അഞ്ചിനടുത്താണ്. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ കേരളത്തിലാണ്. പ്രാഥമികതലം മുതൽ ചികിത്സയും രോഗപ്രതിരോധവും ശക്തിപ്പെടുത്താൻ കഴിഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണത്തിൽ നല്ല നേട്ടം കൈവരിച്ചു.

ആർദ്രം മിഷനിലൂടെ ആശുപത്രികളെ ശാക്തീകരിക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്‌തുവരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കി. ആർദ്രം രണ്ടാം ഘട്ടത്തിൽ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്. രോഗ നിർമാർജനം, രോഗ പ്രതിരോധം, വൈൽനസ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ ഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആർദ്രം ജനകീയ കാമ്പയിൻ ആരംഭിച്ചു. 30 വയസിന് മുകളിലുള്ള 1.49 കോടി ജനങ്ങളെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടർ ചികിത്സ ഉറപ്പാക്കി. 597 ആശുപത്രികളിൽ ഇ ഹെൽത്ത് നടപ്പിലാക്കി. ആയുഷ് രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി.

കാൻസർ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കി. കാൻസർ ഗ്രിഡ്, കാൻസർ രജിസ്ട്രി എന്നിവ നടപ്പിലാക്കി. റീജിയണൽ കാൻസർ സെന്ററുകൾക്ക് പുറമേ മെഡിക്കൽ കോളേജുകളിൽ മികച്ച കാൻസർ ചികിത്സാ സൗകര്യമൊരുക്കി. കാൻസർ കൺട്രോൾ പ്രോഗ്രാം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കി.

സൗജന്യമായി കോവിഡ് ചികിത്സ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. മാനസികാരോഗ്യ രംഗത്തും ആദിവാസി മേഖലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. കേരളത്തെപ്പോലെ വലിയ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് മുതിർന്നവരുടെ ആരോഗ്യ സംരക്ഷണം, കാലവസ്ഥവ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, ജന്തുജന്യ രോഗങ്ങൾ എന്നിവ പ്രതിരോധിക്കുകയാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം.

ആഗോള തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഇവ രണ്ടിലും കേരളം മുൻപന്തിയിലാണ്. കേരളം കൈവരിച്ച ആരോഗ്യ സൂചകങ്ങൾ പതിറ്റാണ്ടുകളായുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ആർജിച്ചതാണ്. നവോത്ഥാന നായകർ മുന്നോട്ട് നയിച്ച അറിവിന്റെ, സത്യത്തിന്റെ, വിദ്യാഭ്യാസത്തിന്റെ മുന്നേറ്റങ്ങൾ ഏറെ സഹായിച്ചു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നിവയിൽ നാം ആർജിച്ച സാമൂഹിക ബോധ്യത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.

ഇന്ന് ലോക ഏകാരോഗ്യ ദിനമാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഏകാരോഗ്യ സമീപനത്തിൽ അധിഷ്ഠിതമാണ്. കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളത്തിന് കഴിഞ്ഞു. ഇതിന് ഒരേ മനസോടെ പ്രവർത്തനങ്ങൾ നടത്തിയ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നതായി മന്ത്രി പറഞ്ഞു