അദാനി ഗ്രൂപ്പിനെതിരായ ലേഖനം: മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

കഴിഞ്ഞ സെപ്റ്റംബറിലാണ് അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപം, സ്റ്റോക്ക് തിരിമറി എന്നിവ സംബന്ധിച്ച ലേഖനം പുറത്ത് വന്നത്.

0
245

ന്യൂഡൽഹി: അദാനി കമ്പനിക്കെതിരായ ലേഖനം എഴുതിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ ​ഗുജറാത്ത് പോലീസ് ചുമത്തിയ കേസിൽ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. മാധ്യമ പ്രവർത്തകരായ രവി നായർക്കും ആനന്ദ് മംഗ്‌നാലെയ്ക്കും അറസ്റ്റിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപം, സ്റ്റോക്ക് തിരിമറി എന്നിവ സംബന്ധിച്ച ലേഖനം പുറത്ത് വന്നത്. ഇതിന് പിന്നാലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പുറപ്പെടുവിച്ച സമൻസുകൾക്കെതിരെയാണ് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഈ ഹരജിയിലാണ് ഇപ്പോൾ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നൽകിയിരിക്കുന്നത്.