കേരളീയം എന്നത് മഹത്തായ ഒരു ആശയത്തിന്റെ തുടക്കമാണെന്ന് നടൻ മമ്മൂട്ടി.

0
186

കേരളീയം ഒരു മഹത്തായ ആശയത്തിന്റെ തുടക്കമാണ്. ഇത് കേരള ചരിത്രത്തിലെ ഒരു മ​ഹാ സംഭവമായി തീരട്ടെ എന്ന് ‍ഞാൻ ആശംസിക്കുകയാണ്. എഴുതി തയ്യാറാക്കിയ ഒരു പ്രസം​ഗം എന്റെ കയ്യിൽ ഇല്ല. എന്തെങ്കിലും നാക്ക് പിഴകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിന് നേരത്തെ ഞാൻ മാപ്പ് ചോദിക്കുന്നു. കേരളീയം കേരളീയരുടെ മാത്രം വികാരമല്ല. ലോക സഹോദര്യത്തിന്റെ വലിയൊരു വികാരമായി കേരളീയം മാറട്ടെ എന്ന് ഞാൻ ആ​ഗ്രഹിക്കുകയാണ്. നമ്മൾ ലോകത്തിന് തന്നെ മാതൃകയാണ്. സ്നേഹത്തിനും സൗഹാർദത്തിനും ലോകത്തിന്റെ ഏറ്റവും വലിയ മാതൃകയായി തീരട്ടെ, നമ്മുടെ മറ്റ് വികാരങ്ങളെയെല്ലാം മറ്റി വച്ചുകൊണ്ട്, നമ്മുടെ രാഷ്ട്രീയം, മതം, ജാതി, ചിന്ത, പ്രാർത്ഥന എല്ലാം വേറെവേറെയാണ്, പക്ഷേ നമ്മൾ എല്ലാവരും, നമുക്കെല്ലാവർക്കും ഉണ്ടാകുന്ന ഒരു വികാരം നമ്മൾ കേരളീയരാണ്, മലയാളികളാണ്, കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്, മലയാളം സംസാരിക്കുന്നവരാണ്, മലയാളം കേട്ടാൽ മനസ്സിലാകുന്നവരാണ്, ഇത് തന്നെയായിരിക്കണം നമ്മുടെ ലോകത്തിന്റെ മാതൃക. ഞങ്ങളെ നോക്കി പഠിക്കൂ.. ഞങ്ങൾ ഒന്നാണ് , ഞങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ്, കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നമ്മൾ കാണുന്ന കേരളം. ഇനിയുള്ള സ്വപ്നങ്ങളും സങ്കൽപ്പങ്ങളും പ്രതീക്ഷകളും നമുക്ക് ഒരുമിച്ച് ഒന്നായി എല്ലാ വ്യത്യാസങ്ങളെയും മറന്ന് നമ്മൾ ഒന്നായി ചിന്തിച്ച് ഒന്നായി പ്രയത്നിച്ച് കേരളത്തിനെ ലോകത്തിന്റെ ഒന്നാം നിരയിലേക്ക്, കേരളത്തിനെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമായി, ലോകത്തിന് ഒരു ഉദാഹരണമായി, ലോകം ആദരിക്കുന്ന ഒരു ജനതയായി കേരള ജനത മാറട്ടെ എന്ന് ആ​ഗ്രഹിക്കുന്നു, ആശംസിക്കുന്നു.

 

 

കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-മഹോത്സവം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്. തലസ്ഥാനത്തെ 41 വേദികളിലായി നവംബര്‍ ഏഴ് വരെയാണ് ആഘോഷം. കിഴക്കേകോട്ട മുതല്‍ കവടിയാര്‍വരെയുള്ള ഭാഗത്ത് 41 ‘കേരളീയം’ പ്രദര്‍ശനനഗരികളാണുള്ളത്. കല, സംസ്‌കാരം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്തമേഖലകളിലെ മേളകള്‍ ഉണ്ടാവും. 25 പ്രദര്‍ശനങ്ങള്‍, 400-ലധികം കലാപരിപാടികള്‍, 3000 കലാകാരന്മാര്‍, 11 വ്യത്യസ്ത ഭക്ഷ്യമേളകള്‍, ആറു വേദികളില്‍ ഫ്‌ളവര്‍ ഷോ, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, 600-ലധികം സംരംഭകര്‍ പങ്കെടുക്കുന്ന ട്രേഡ്‌ഫെയര്‍, എട്ടുകിലോമീറ്റര്‍ നീളത്തില്‍ ദീപാലങ്കാരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതുകൂടാതെ, കേരളവികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള 25 സെമിനാറുകളുമുണ്ട്.