കോഴിക്കോട്: എല്ലാ രജിസ്‌ട്രേഡ് തപാലുകൾക്കും നവംബർ ഒന്നുമുതൽ 18 ശതമാനം ജിഎസ്‌ടി ഈടാക്കിത്തുടങ്ങി. നേരത്തേ സ്‌പീഡ് പോസ്‌റ്റിനും ആധാർകാർഡ് അയക്കുന്ന സേവനത്തിനുംമാത്രം ഈടാക്കിയിരുന്ന ഈ നികുതി മുന്നറിയിപ്പില്ലാതെ സാധാരണ രജിസ്‌ട്രേഡ് തപാലുകൾക്കും ബാധകമാക്കി. രജിസ്‌ട്രേഡ് ബുക്ക് പാക്കറ്റ്, രജിസ്‌റ്റർ ചെയ്യാത്ത പാഴ്‌സൽ, ഇലക്‌ട്രോണിക് മണി ഓർഡർ എന്നിവയ്‌ക്കും ഇനിമുതൽ 18 ശതമാനം ജിഎസ്‌ടി ഈടാക്കും. തപാൽ കാർഡ്, സാധാരണ മണി ഓർഡർ, സർവീസ് മണി ഓർഡർ എന്നിവയ്‌ക്കുമാത്രമാണ് ഇനി ജിഎസ്‌ടി ബാധകമാകാത്തത്.
മെഷീനിലൂടെ രസീത് അച്ചടിച്ചുവരുന്ന എല്ലാ സേവനങ്ങൾക്കും ഇനിമുതൽ 18 ശതമാനം നികുതി ബാധകമാണെന്നും നേരത്തേ ഇത് സാധാരണ രജിസ്‌ട്രേഡ് തപാലുകൾക്ക് ബാധകമല്ലായിരുന്നുവെന്നും പോസ്‌റ്റൽ അധികൃതർ പറഞ്ഞു. നേരത്തേ 20 രൂപയ്‌ക്ക് അയച്ചിരുന്ന ഒരു രജിസ്‌ട്രേഡ് തപാലിന് ബുധനാഴ്‌ചമുതൽ 23.60 രൂപയാണ് ഈടാക്കുന്നത്. കവറിന്റെ തൂക്കമനുസരിച്ചുള്ള ഉയർന്ന തപാൽ നിരക്കിനൊപ്പം ജിഎസ്‌ടികൂടി ഈടാക്കും.
English Summary: 18 percent GST tax on core postal services.