വടകരയിൽ തോണി മറിഞ്ഞു; മീൻ പിടിക്കാൻ പോയ 17 വയസ് പ്രായമുള്ള 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0
269

വടകര: ചെരണ്ടത്തൂരിൽ തോണി മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 17 വയസുകാരൻ അഭിമന്യു രക്ഷപ്പെട്ടു. മീൻ പിടിക്കാനായി പോയപ്പോൾ മാഹി കനാലിൽ വച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.

മാഹി കനാലിൽ ഫൈബർ ബോട്ടിൽ മീൻ പിടിക്കുമ്പോൾ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോൾ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

ആദിദേവയെയും ആദി കൃഷ്ണനെയും ഉടൻ തന്നെ വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആദിദേവിന്റേയും ആദി കൃഷ്ണന്റേയും മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.