ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി സൗജന്യ ടൂറിസ്റ്റ് വിസയില്‍ ശ്രീലങ്കയില്‍ പോകാം

0
4815

കൊളംബോ: ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നയത്തിന് ശ്രീലങ്കന്‍ കാബിനറ്റ് അംഗീകാരം നല്‍കി. വന്‍ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുന്നതിനും ടൂറിസം മേഖലയെ പുനര്‍നിര്‍മാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് അടിയന്തര പ്രാബല്യത്തോടെ സൗജന്യ വിസ നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

2024 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ വരുന്ന പൈലറ്റ് പ്രോജക്ടായി ഇത് നടപ്പിലാക്കുമെന്ന് വിദേശകാര്യ മന്ത്രി സാബ്രി പറഞ്ഞു. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കുമ്പോള്‍ ഫീസ് കൂടാതെ വിസ ലഭിക്കും.

ഇന്ത്യ പരമ്പരാഗതമായി ശ്രീലങ്കയുടെ പ്രധാന ഇന്‍ബൗണ്ട് ടൂറിസം വിപണിയാണ്. സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 30,000 ലധികം ഇന്ത്യക്കാരാണ് ശ്രീലങ്ക സന്ദര്‍ശിച്ചത്. ശ്രീലങ്ക സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെടുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2019 ലെ ഈസ്റ്ററിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി ഭക്ഷണം, മരുന്ന്, പാചക വാതകം, മറ്റ് ഇന്ധനം തുടങ്ങിയ അവശ്യ വസ്തുക്കളുടെ രൂക്ഷമായ ക്ഷാമം ശ്രീലങ്ക നേരിടുന്നുണ്ട്. ഇന്ധനവും പാചക വാതകവും വാങ്ങാന്‍ ശ്രീലങ്കക്കാര്‍ മാസങ്ങളോളം സ്റ്റോറുകള്‍ക്ക് പുറത്ത് മണിക്കൂറുകളോളം വരിയില്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്.