ഗഗൻയാൻ: ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു; പരീക്ഷണ വിക്ഷേപണം വിജയം

9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചത്.

0
331

ബം​ഗളൂരു: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള ഐഎസ്ആർഒയുടെ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നും വേർപെട്ട് കൃത്യമായി കടലിൽ പതിച്ചു. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇത് പിന്നീട് കരയിലെത്തിക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ തലവൻ എസ് സോമനാഥ് വ്യക്തമാക്കി.

9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചത്. ഒമ്പത് മിനിറ്റിനൊടുവിൽ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഒക്ടോബർ 21 രാവിലെ 10 മണിക്കാണ് റോക്കറ്റ് വിക്ഷേപിച്ചത്. രാവിലെ എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് 8:45ലേക്ക് മാറ്റിയെങ്കിലും വിക്ഷേപണം നടത്താൻ അഞ്ച് സെക്കൻഡ് ബാക്കിനിൽക്കേ ജ്വലനപ്രശ്നങ്ങൾ കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിശോധിച്ച ശേഷം വിക്ഷേപണ സമയം അറിയ്ക്കാമെന്ന് ഐഎസ്ആർഒ തലവൻ എസ് സോമനാഥ് അറിയിച്ചിരുന്നു.

രാവിലെ പത്ത് മണിക്ക് തന്നെ വീണ്ടും വിക്ഷേപണത്തിനൊരുങ്ങുകയായിരുന്നു. വിക്ഷേപണ ശേഷം ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂൾ വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാൾ ഉൾക്കടലിൽ സുരക്ഷിതമായി പതിച്ചു. മൊഡ്യൂൾ നാവികസേനയുടെ സഹായത്തോടെ വീണ്ടെടുത്തു. ഗഗൻയാൻ പദ്ധതിയിലെ വളരെ പ്രധാനപ്പെട്ട പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിച്ചത്. നാലു ഘട്ടങ്ങളിലായാണ് പരീക്ഷണം.

അതേസമയം, മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതൽ സമഗ്രമായ വളർച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരും. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊർജ്ജമാവും- മുഖ്യമന്ത്രി വ്യക്തമാക്കി.