ഇങ്ങനെയങ്കിൽ ഇന്ത്യ സഖ്യത്തിലേക്കില്ല: സമാജ്‌വാദി പാർട്ടി

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എസ്പിയെ തഴഞ്ഞ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് തർക്കത്തിനിടയാക്കിയത്.

0
224

ലഖ്നൗ: ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും (എസ്പി) തമ്മിലുള്ള തർക്കങ്ങൾ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകുന്നു. സംസ്ഥാന തലത്തിൽ സഖ്യമില്ലെങ്കിൽ ദേശീയ തലത്തിൽ സഖ്യം ചേരാൻ തയ്യാറല്ലെന്നാണ് എസ്പിയുടെ നിലപാട്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എസ്പിയെ തഴഞ്ഞ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് തർക്കത്തിനിടയാക്കിയത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺ​ഗ്രസ് തങ്ങളെ അവ​ഗണിക്കുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യ യോ​ഗത്തിലേക്ക് പ്രതിനിധികളെ അയയ്ക്കില്ലെന്നും സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

‘ഇന്ത്യ സഖ്യം ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിയുള്ളതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചർച്ചകൾ നടത്തും. എന്നാൽ ബിജെപി സംഘടിതവും വലുതുമാണ്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആശയകുഴപ്പങ്ങൾ ഉണ്ടാവരുത്. ആശയകുഴപ്പം തോൽവിക്ക് കാരണമാകും,’ അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന മധ്യപ്രദേശിലെ ചില ജില്ലകളിൽ എസ്പിക്ക് സ്വാധീനമുണ്ട്. 1998ൽ നാല് സീറ്റും 2003ൽ ഏഴു സീറ്റും 2008,2018 വർഷങ്ങളിൽ ഓരോ സീറ്റും സമാജ്‌വാദി പാർട്ടിക്ക് നേടാനായിരുന്നു.

അതേസമയം മുലയം സിങ് യാദവിനെ മകൻ അഖിലേഷ് യാദവ് അപമാനിച്ചതായും ബിജെപിയോടൊപ്പം നിൽക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പിനിടെ ആരോപിച്ചു. പൊതുവേദിയിൽ തന്റെ പിതാവിനെ അപമാനിച്ച അഖിലേഷ് എങ്ങനെയാണ് സാധാരണക്കാരനായ ഒരു തൊഴിലാളിയെ ബഹുമാനിക്കാൻ കഴിയുകയെന്നും അജയ് റായ് ചോദിച്ചു.