അധിക പാൽ വില പ്രഖ്യാപിച്ച് മിൽമ; ആറ് ജില്ലകളിലെ ക്ഷീര കർഷകരിലേക്ക് മൂന്ന് കോടി രൂപ എത്തിച്ചേരും

0
273

കോഴിക്കോട്: മലബാറിലെ ക്ഷീര കർഷകർക്ക് മിൽമ മലബാർ മേഖലാ യൂണിയൻ മൂന്നു കോടി രൂപ അധിക പാൽവില നൽകും. മിൽമ മേഖലാ യൂണിയന് കീഴിലുള്ള ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിൽ ഈ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക പാൽവിലയായി നൽകുക. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കർഷകരിലേക്ക് മൂന്ന് കോടി രൂപ വരും ദിവസങ്ങളിൽ അധിക പാൽവിലയായി എത്തിച്ചേരും.

പാൽ ഉത്പാദന ചെലവ് ഒരു പരിധി വരെ മറികടക്കുന്നതിനാണ് അധിക പാൽ വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക പാൽവില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ 10 മുതൽ 20 വരെയുള്ള പാൽ വിലയോടൊപ്പം നൽകും. ലിറ്ററിന് 1.50 രൂപ കൊടുക്കുമ്പോൾ, മിൽമ ക്ഷീരസംഘങ്ങൾക്ക് നൽകുന്ന സെപ്റ്റംബർ മാസത്തെ ശരാശരി പാൽ വില 46 രൂപ 94 പൈസയാകും.

വിവിധ തരം തീറ്റപ്പുല്ലിനങ്ങൾക്ക് സബ്‌സിഡി ഇനത്തിലേക്ക് മേഖലാ യൂണിയന്റെ ബജറ്റിൽ വകയിരുത്തിയ 8 കോടി രൂപ ഇതിനോടകം പൂർണമായി നൽകിക്കഴിഞ്ഞു. ഇപ്പോൾ നൽകുന്ന അധിക പാൽവില ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങാവുമെന്ന് മിൽമ ചെയർമാൻ കെ എസ് മണിയും മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളിയും പറഞ്ഞു.