‘സാന്ത്വനം’ സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.

0
2521

തിരുവനന്തപുരം: പ്രമുഖ ടെലിവിഷൻ സീരിയൽ സംവിധായകൻ ആദിത്യൻ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സൂപ്പർഹിറ്റായ സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്.

കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതുദർശനത്തിന് വെക്കും. ആദിത്യന്റെ അപ്രതീക്ഷിത വിയോ​ഗം അറിഞ്ഞ് നിരവധി സിനിമാ, സീരിയൽ പ്രവർത്തകരാണ് ആശുപത്രിയിലേക്ക് എത്തുന്നത്.

നിരവധി ഹിറ്റ് സീരിയലുകളാണ് ആദിത്യന്റെ പേരിലുള്ളത്. വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയായിരുന്നു അപ്രതീക്ഷിത വിയോ​ഗം.