നെതന്യാഹുവിനെ വിമർശിച്ച് കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെ പുറത്താക്കി ​ഗാർഡിയൻ

നെതന്യാഹുവിനെതിരായി കാർട്ടൂൺ ജൂതവിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി.

0
319

ലണ്ടൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് കാർട്ടൂൺ വരച്ചതിനു പിന്നാലെ കാർട്ടൂണിസ്റ്റിനെ പുറത്താക്കി ‘ദി ഗാർഡിയൻ’ പത്രം. നെതന്യാഹുവിനെ ​ഗാസയുമായി ബന്ധപ്പെടുത്തി കാർട്ടൂൺ വരച്ച സ്റ്റീവ് ബെല്ലിനെയാണ് ​ഗാർഡിയൻ പുറത്താക്കിയത്. 42 വർഷമായി ​ഗാർഡിയനിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിക്കുന്നയാളാണ് സ്റ്റീവ്.

സ്റ്റീവിന്റെ കരാർ ഇനി പുതുക്കില്ലെന്ന് പത്രത്തിന്റെ മാനേജ്‌മെന്റ് അറിയിച്ചതായി അൽ ജസീറ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെതിരായി കാർട്ടൂൺ ജൂതവിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി.

രണ്ട് കൈകളിലും ബോക്സിങ് ​ഗ്ലൗവുകൾ അണിഞ്ഞ് ​ഗാസ മുനമ്പിന്റെ ഭൂപടത്തിനു മുകളിൽ നിൽക്കുന്ന നെതന്യാഹുവിനെ സ്റ്റീവ് വരച്ചത്. ‘ഗാസ വാസികളേ, പുറത്തുകടക്കൂ’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു കാർട്ടൂൺ. ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരിയിലെ കഥാപാത്രം ഷൈലോക്കുമായി നെതന്യാഹുവിനെ താരതമ്യം ചെയ്യുകയാണെന്ന വ്യാഖ്യാനങ്ങളും കാർട്ടൂൺ പുറത്തു വന്നതിന് പിന്നാലെ വന്നിരുന്നു.