കാസർകോട്‌ ഡിസിസി പ്രസിഡന്റ്‌ അഞ്ചുലക്ഷം തട്ടിയെന്ന്‌ പരാതി; വണ്ടിച്ചെക്ക് നൽകി പറ്റിച്ചതായും ആരോപണം

കോൺഗ്രസ് നേതാവ് ഡിസംബര്‍ 19ന് കാക്കനാട് കോടതിയിൽ ഹാജരാകണം.

0
212

തിരുവനന്തപുരം: വണ്ടിച്ചെക്ക് കൊടുത്ത് വഞ്ചിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെയാണ് കേസ്. കേരളാ കോണ്‍ഗ്രസ് നേതാവും തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന എം പി ജോസഫിനെയാണ് പി കെ ഫൈസൽ വണ്ടിച്ചെക്ക് നൽകി പറ്റിച്ചത്. ഇതേതുടർന്ന് എം പി ജോസഫ് കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കേസ് ഫയലിൽ സ്വീകരിച്ച കോടതി കോടതി ഡിസംബര്‍ 19ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പി കെ ഫൈസലിന് സമന്‍സ് അയച്ചു.

2022 നവംബര്‍ 28ന് രണ്ടുതവണകളിലായി ബാങ്ക് അക്കൗണ്ട് വഴിയാണ് പി കെ ഫൈസല്‍ ജോസഫില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയത്. ഒരു മാസത്തിനകം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിലാണ് തുക കൈപ്പറ്റിയത്. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ഫൈസൽ തുക തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. നേരിട്ടും അല്ലാതെയും പലതവണ തുക തിരിച്ചുചോദിച്ചിട്ടും മടക്കിനൽകിയില്ല. പിന്നാലെ ജോസഫ് കെപിസിസി നേതാക്കൾക്ക് പരാതി നൽകി. ഇതേതുടർന്ന് അഞ്ചുലക്ഷം രൂപ തിരിച്ചുകൊടുത്തു. ബാക്കി തുക ഒരുവർഷമാകാറായിട്ടും കൊടുത്തതേയില്ല.

തുടർന്നാണ് നിയമനടപടി സ്വീകരിക്കാൻ ജോസഫ് തീരുമാനിച്ചത്. കെപിസിസി നേതാക്കൾക്ക് പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് നിയമവഴി തേടിയതെന്നും എം പി ജോസഫ് പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ച്‌ തോറ്റപ്പോഴും കോൺഗ്രസുകാർക്കെതിരെ സാമ്പത്തിക അഴിമതി ആരോപണവുമായി ജോസഫ്‌ രംഗത്തുവന്നിരുന്നു.

English Summary: Kasaragod DCC president to appear in Kakkanad court on 19th.