സ്വവര്‍ഗ വിവാഹം; ‘ന​ഗരകേന്ദ്രീകൃതമല്ല, വരേണ്യ നിലപാടുമല്ല’, അനുകൂലിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്

നാല് ഭിന്നവിധികൾ, സ്വവർഗലൈംഗികത വരേണ്യവർഗ ആവശ്യം എന്ന വാദം തെറ്റെന്ന് സുപ്രീംകോടതി.

0
194

ന്യൂഡൽഹി: സ്വവർഗ ലെെംഗികത നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജീവിതപങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൾ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകുലിക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്പെഷ്യൽ മാരേജ് ആക്ടിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. ഈ ആക്ടിൽ മാറ്റം വരുത്തണമോയെന്ന് പാർലമെൻറിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ് രവീന്ദ്രഭട്ട്, ഹിമ കോഹ്‌ലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ നാല് ഭിന്ന വിധികളാണുള്ളത്. നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാനാവില്ല. അത്തരം പ്രസ്താവനകൾ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്. സ്വവർ​ഗ വിവാഹം അം​ഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാ​ഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നിയമത്തെ നിര്‍വചിക്കാനും പിന്തുടരാനും മാത്രമേ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്രഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് നാല് പ്രത്യേക വിധികൾ പുറപ്പെടുവിച്ചത്. ചില കാര്യങ്ങളിൽ ബെഞ്ചിന് യോജിപ്പാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളിൽ മാറ്റം വരുത്തി സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവർഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികൾക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ കമ്മിറ്റി നിയോഗിക്കാമെന്ന് വാദത്തിനിടെ കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നൽകുന്ന വിഷയം പാർലമെൻറിന് വിടണമെന്നും കേന്ദ്രം വാദിച്ചിരുന്നു. സ്വവർഗദമ്പതികൾ, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുകൾ, സാമൂഹ്യസംഘടനകൾ തുടങ്ങി വിവിധ കക്ഷികൾ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്‌. സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌, ഹിന്ദു മാരേജ്‌ ആക്ട്‌, ഫോറിൻ മാരേജ്‌ ആക്ട്‌ തുടങ്ങിയ നിയമങ്ങൾ സ്വവർഗവിവാഹങ്ങൾക്ക്‌ നിയമപരമായ അംഗീകാരം നൽകാത്തത്‌ ചോദ്യംചെയ്‌താണ്‌ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാൽ, സ്‌പെഷ്യൽ മാരേജ്‌ ആക്ട്‌ പ്രകാരം ഇത്തരം വിവാഹങ്ങൾക്ക്‌ നിയമസാധുത ഇല്ലാത്ത വസ്‌തുത മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന്‌ വാദംകേൾക്കലിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പത്ത് ദിവസം നീണ്ടുനിന്ന മാരത്തൺ വാദം കേൾക്കലിനുശേഷമാണ് ചൊവ്വാഴ്ച വിധി പറഞ്ഞത്.

English Summary: “Can’t Discriminate” Against Queer Couples, Says Top Court. Over To Centre.