ഞങ്ങളെപ്പോലെ ഗതി കെട്ടവർ ആരുണ്ടെന്റെ കർത്താവേ; പണി വാങ്ങിക്കൂട്ടി സതീശനും മാധ്യമങ്ങളും

ഈ നോട്ടുമാല, നാരങ്ങാ, ഹാരം, ജെണ്ട് എന്നിവ കൊടുത്ത് വീർപ്പുമുട്ടിക്കുന്നത് സതീശന് പണ്ടേ ഇഷ്ടമല്ല.

0
1385

ആ നിപ്പ് ഒന്ന് കാണേണ്ടതായിരുന്നു, ലൈവിൽ തേഞ്ഞൊട്ടുന്ന മാധ്യമപ്രവർത്തകരെ പോലെ. ഒരേ നിപ്പായിരുന്നു ആകാശവും നോക്കി. ആ കാഴ്ച കണ്ടാൽ ആരും ഗദ്ഗദകണ്ഠരായിപ്പോവും. വിഴിഞ്ഞത്ത് ഇന്ന് അങ്ങനെയൊരു കാഴ്ചയുണ്ടായി. ‘എന്നെപ്പോലെ ഗതി കെട്ടവൻ വേറെയാരുണ്ട് എന്റെ കർത്താവെ’ എന്ന ജയസൂര്യയുടെ കഥാപാത്രത്തെപ്പോലെ നിൽക്കുന്ന വി ഡി സതീശനെ കണ്ട് വാർത്തകൾ ‘പ്രസരിപ്പിക്കുന്ന’ പലർക്കും സങ്കടം വരെ വന്നു. പുളിവെള്ളം കുടിച്ചാൽ അസ്ക്യതയിൽ ആയിരുന്നു സതീശന്റെ ആ ഒരു നിപ്പ്. സതീശന്റെയും വിൻസന്റിന്റെയും വാക്കും നമ്പി സമരത്തിനിറങ്ങിയ ചില പാതിരിമാർ ഉദ്‌ഘാടനച്ചടങ്ങിൽ അതേ വി ഡി സതീശന്റെ കണ്ടപ്പോൾ മനസുരുകി പ്രാകിക്കാണും. ചില പാതിരിമാർക്കും കുഞ്ഞാടുകൾക്കും കേസും കൂട്ടവും ഒക്കെ സമ്മാനിച്ചുകൊടുത്തിട്ട് ആശാൻ സുന്ദരമായി സ്കൂട്ടായി എന്നുമാത്രമല്ല, ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഇതാണ് പറയുന്നത് കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും സതീശ- സുധാകരാദികളുടെയും വാക്ക് നമ്പിയാൽ ഇങ്ങനെയിരിക്കും എന്ന്.

ആദ്യം സതീശൻ വരേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. കാരണം വെരി സിംപിൾ. വിഴിഞ്ഞത്തിന്റെ പൂർത്തീകരണത്തിൽ എല്ലാ ക്രെഡിറ്റും പിണറായി വി ഡി സതീശന് കൊടുത്തേക്കും എന്ന് പുള്ളി മണത്തറിഞ്ഞിരുന്നു. പൊതുവെ ക്രെഡിറ്റ് തന്റെ മേൽ കെട്ടിവെച്ചാലും സതീശൻ അത് ഏറ്റെടുക്കില്ല. ഈ നോട്ടുമാല, നാരങ്ങാ, ഹാരം, ജെണ്ട് എന്നിവ കൊടുത്ത് വീർപ്പുമുട്ടിക്കുന്നത് പുള്ളിക്ക് പണ്ടേ ഇഷ്ടമല്ല. അതുകൊണ്ടാണ് പുതുപ്പള്ളിയിൽ ജയിച്ചപ്പോ എന്നെ പ്രശംസിക്കണ്ട എന്നുപറഞ്ഞ് സതീശൻ എല്ലാ മൈക്കും സുധാകരന് കൊടുത്തത്. പിന്നെ തീരുമാനം മാറ്റി ചടങ്ങിൽ പങ്കെടുത്തത്, അതിനും കാരണമുണ്ട്. ഇന്നലെ പറഞ്ഞതുപോലെ സമരപ്പന്തലിന് ഇനിയെങ്ങാനും പേരിട്ടാലോ എന്ന് കരുതിയാണ്. അത്രക്ക് പോസറ്റിവ് വൈബ് ആണ് സതീശന്.

ചാണ്ടി സെർ ഇട്ട കല്ലാണെന്ന് സതീശൻ ഇന്നും പറഞ്ഞിട്ടുണ്ട്. കല്ലിട്ട പുണ്യാളനെ അനുസ്മരിക്കാത്ത പിണറായി കൊടും ഭീകരനാണെന്ന് സുധാരേട്ടനും രാത്രി വൈകി പൊട്ടിത്തെറിച്ചിട്ടുണ്ട്. പക്ഷേ കേരളീയ സമൂഹം കഴിഞ്ഞ കുറച്ചുനാളുകളായി ചോദിക്കുന്ന ചോദ്യത്തിന് ങേ എന്നുപോലും മറുപടി പറഞ്ഞിട്ടില്ല. ദീർഘവീക്ഷണമുള്ള ചാണ്ടി സെർ ഇട്ട കല്ലിനെതിരെ സതീശൻ എന്തിന് സമരം ചെയ്തുവെന്ന് ചോദിച്ചാൽ ജൂണിൽ മഴയില്ലല്ലോ എന്നാകും മറുപടി പറയുക. ഒരു ക്രൂരമായ പദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തിട്ട് ചിരിക്കാൻ പറഞ്ഞാൽ എങ്ങനെയാണ്? അതുകൊണ്ട് പുളിവെള്ളവും കുടിച്ചങ്ങനെ നിന്ന് എന്നാണ് ‘വി ഡി മീഡിയ കൂട്ടങ്ങൾ’ അടക്കം പറയുന്നത്. ഇതിനിടയിൽ കൊടകര സുരേന്ദ്രൻ കാസർകോട്ട് എന്തോ വിളിച്ചുപറയുന്നതും കേക്കാമായിരുന്നു. വിഴിഞ്ഞം അങ്ങനെ ചുമ്മാ ഉണ്ടായതല്ലെന്നും ഞങ്ങളുടെ മോഡിജി കൊടുത്ത തുകയാണെന്നും അതുകൊണ്ട് പദ്ധതി യാഥാർഥ്യമായത് നരേന്ദ്രമോഡി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. കോവിഡ് കാലത്തും സമാന നിലവിളി സുരേന്ദ്രനിൽ നിന്നും കേട്ടിരുന്നു. മഹാമാരിയുടെ കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് പിണറായി സർക്കാർ ആഹാരസാധനങ്ങൾ കൊടുത്തെങ്കിലും അതിനുള്ള സഞ്ചി ഞങ്ങടെ മോഡിജി ആണ് കൊടുത്തതെന്ന്. ഇത് കേട്ടിട്ടാണെന്ന് തോന്നുന്നു പാര വെക്കാൻ മാത്രമറിയുന്ന അരമന്ത്രി ഓടിവന്ന് നിലവിളക്കും തെളിയിച്ച് പോയിട്ടുണ്ട്. ‘ഉള്ളിൽ സങ്കടം ഉണ്ടുട്ടോ’ എന്ന് ആത്മഗതം ചൊല്ലിയാണ് മുരളിയണ്ണന്റെ ദീപം കൊളുത്തൽ.

തങ്ങളുടെ പ്രിയപ്പെട്ടവർ മാത്രം ഇങ്ങനെ തേഞ്ഞാൽ പോരല്ലോ എന്നതുകൊണ്ടാണെന്ന് തോന്നുന്നു കേരളത്തിലെ മാധ്യമപ്രവർത്തകരും ലൈവിൽ വന്ന് പണി വാങ്ങിക്കൂട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സ്പെഷ്യലിസ്റ്റുകളാണ് ഇന്ന് തിളങ്ങിയത്. അരയോളം വെള്ളത്തിൽ മൈക്കും പിടിച്ചിറങ്ങി കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്ന് എന്നൊക്കെ പറഞ്ഞായിരുന്നു സമഗ്ര കവറേജ്. വെള്ളം ഒഴുകിയ ഇടത്ത് ആദ്യമെത്തിയത് ഞങ്ങൾ എന്ന കാർഡ് പ്രതീക്ഷിച്ചവരെ പക്ഷേ ഇക്കൂട്ടർ നിരാശരാക്കി. ‘ഓടയുടെ സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കിയിട്ടില്ല, അത്‌ വലിയൊരു ബുദ്ധിമുട്ടായി തന്നെ നിൽക്കുകയും ചെയ്യുന്നുണ്ട്‌. പത്ത്‌ മുപ്പത്‌ വർഷമായി ഇവർ ആവശ്യപ്പെടുന്ന ഒരു കാര്യമാണ്‌ ഓടയോ, അല്ലങ്കിൽ വെള്ളമൊഴുകി പോകുന്ന ഒരു സാഹചര്യം ഉണ്ടാക്കണമെന്ന്’ എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോ ദേ ഒരു പ്രകമ്പനം. ‘അനാവശ്യം പറയരുത്‌. ആരടാ പറഞ്ഞത്‌ ഓടയില്ലന്ന്. ഇവിടെ ഓടയുണ്ട്‌, മഴ കടുത്തത്‌ കൊണ്ടാണ്‌ വെള്ളം പൊങ്ങിയത്’ എന്ന് പറഞ്ഞ് കയ്യും ചൂണ്ടി നാട്ടുകാർ. ലൈവിൽ തിരുവനന്തപുരം കോർപ്പറേഷനെയും സർക്കാരിനെയും ഒക്കെ നാല് പറഞ്ഞുകൊണ്ടിരിക്കുമ്പോ കരണം പുകയുന്ന രീതിയിൽ മറുപടി പറഞ്ഞപ്പോ ഉണ്ടായിരുന്ന ആ ഫ്ലോ പുള്ളിക്ക് അങ്ങ് പോയിക്കിട്ടി. ഉത്സാഹക്കമ്മിറ്റിക്കാരൻ ആകെ പെട്ടു. ഇതിനിടയിൽ മെല്ലെ ഒരു ചോദ്യം, ‘ഇവിടെ ഓടയുണ്ടോ? എന്നാൽ ഞാൻ ഓടിക്കോളാം’ എന്നും പറഞ്ഞ് മലവെള്ളത്തിനും വേഗത്തിൽ കുത്തിയൊലിച്ച് ഒരു പോക്കായിരുന്നു.

ഇന്നലെ പത്തനംതിട്ടയിലും ഇതുപോലെ മാധ്യമപ്രവർത്തകർ നൈസായി തേഞ്ഞിട്ടുണ്ട്. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ കനത്ത പ്രതിഷേധം ഉണ്ട എന്നൊക്കെയായിരുന്നു ലൈവ് റിപ്പോർട്ടിങ്. റിപ്പോർട്ടിങ് കണ്ടുകൊണ്ടിരുന്ന നാട്ടുകാർ ലൈവിൽ തന്നെ നല്ല നൈസായി ഈ മാധ്യമപ്രവർത്തകരെ തേച്ചുവിടുകയും ചെയ്തു.

തിരുവനന്തപുരത്ത് 12 മണിക്കൂറായി കനത്ത മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ സ്വാഭാവികമായും വെള്ളം കയറി. ഒരു പ്രദേശത്തിന്റെ പൊതുവായ അവസ്ഥ അറിയാതെ മൈക്കും പിടിച്ച് അവിടെയെത്തും. വായിൽ തോന്നിയത് വളവളാന്നു പറയും. ഇവിടെ മാത്രം ഉള്ള പ്രതിഭാസമല്ല. ഈ മാധ്യമക്കാരുടെ പ്രിയപ്പെട്ട കോൺഗ്രസ്-ബിജെപി നേതാക്കളുടെ സംസ്ഥാനങ്ങളിലും ഇതേ പ്രശ്നമുണ്ട്. എന്നാൽ, അത് സമ്മതിക്കാൻ തയ്യാറല്ല. അല്ലേലും അടുത്തിടെയായി ലൈവ് റിപ്പോർട്ടിങ്ങിന് പോകുന്ന ‘വി ഡി മീഡിയക്കാർക്ക്’ ഇപ്പോ സമയം അത്ര നന്നല്ല. വിഷുവിന് എറണാകുളത്ത് നിന്നും വാങ്ങിക്കൂട്ടിയതിനുശേഷം ഓണത്തിന് കോഴിക്കോട്ടും തിരുവനന്തപുരത്തും വെച്ച് വാരിവാരി കൂട്ടി. ഇപ്പോ തുലാമാസത്തിലും. കപ്പൽ ആടിയുലന്നതും ഒക്കെ നോക്കി നിൽക്കുന്ന സ്റ്റുഡിയോയിലെ സിംഹങ്ങൾക്കാകട്ടെ സഹപ്രവർത്തകർ നാട്ടുകാരുടെ കയ്യിൽനിന്നും വാങ്ങിക്കൂട്ടുന്നത് കണ്ട് ‘ശരി… ശരി… അവർ അങ്ങ് പൊക്കോട്ടെയെന്നും’ ‘നാട്ടുകാർക്ക് പ്രതിഷേ… വലിയ കുഴ… മഴ നന്നായി പെയ്യുന്നു’ എന്നൊക്കെ പറയേണ്ടിയും വരുന്നു. എന്തായാലും കോൺഗ്രസിന്റെയും താക്കൂറിന്റെയുമൊക്കെ പിന്തുണയോടെ മാധ്യമപ്രവർത്തകർ വാങ്ങിവെച്ച കപ്പലുകൾ നല്ലോണം ആടിയുലയുന്നുണ്ട്. അപ്പോ ഉത്സാഹക്കമ്മിറ്റിക്കാർ ചെന്നാട്ടെ.