മൂന്ന് സേനാവിഭാ​ഗങ്ങളും ഒരേസമയം ആക്രമിക്കും; മുന്നറിയിപ്പു നൽകി ഇസ്രയേൽ

തെക്കൻ ഗാസയിലെ ഹമാസ്‌ ചുമതലക്കാരനായ നേതാവ്‌ ബിലാൽ അൽ കേദ്രയെ ഇസ്രയേൽ സൈന്യം വധിച്ചു.

0
210

​ഗാസ: അതിർത്തി ന​ഗരമായ സ്ദെറോതിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് ഇസ്രയേൽ. കരയുദ്ധം ഉടൻ ആരംഭിക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. ​ഗാസ അതിർത്തിയിൽ കൂടുതൽ ടാങ്കുകൾ എത്തി നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ് പടക്കപ്പലും ​ഗാസ അതിർത്തിയിൽ എത്തിയിട്ടുണ്ട്. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ​

യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും മെഡിറ്ററേനിയനിൽ നിലയുറപ്പിച്ച്‌ ഇസ്രയേലിനുനേർക്ക്‌ ഉണ്ടായേക്കാവുന്ന ബാഹ്യ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും പെന്റ​ഗൺ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ യുദ്ധവിമാനങ്ങൾ മേഖലയിലേക്ക്‌ ഉടൻ എത്തും.

​ഗാസ അതിർത്തിയിൽ നിലവിൽ ലക്ഷക്കണക്കിന് സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്.   ഗാസയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വന്നതോടെ ആളുകൾ കൂട്ട പലായനം ആരംഭിച്ചിട്ടുണ്ട്. പാലസ്തീനികൾ തെക്കൻ ​ഗാസയിലേക്കാണ് പലായനം ചെയ്യുന്നത്. തെക്കൻ ഗാസയിലെ ഹമാസ്‌ ചുമതലക്കാരനായ നേതാവ്‌ ബിലാൽ അൽ കേദ്രയെ ഇസ്രയേൽ സൈന്യം വധിച്ചു.  തെക്കൻ മേഖലയിലേക്ക് പലായനം ചെയ്യാൻ പറഞ്ഞ ഇസ്രായേൽ സൈന്യം അവിടെ ആക്രമണം നടത്തുന്നത് പലസ്തീനികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വടക്കൻ ഗാസയിൽനിന്നു തെക്കൻ ഗാസയിലേക്കുള്ള യാത്ര തുടർന്നും അനുവദിക്കുമെന്ന് ഇസ്രയേൽ സേന വ്യക്തമാക്കി.

ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 724 കുട്ടികളടക്കം 2329 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 286 സൈനികരടക്കം 1300 പേരും കൊല്ലപ്പെട്ടു. നൂറ് ഹമാസ് കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഇതുവരെ ആക്രമണം നടത്തിയിരിക്കുന്നത്. ലബനൻ അതിർത്തിയിൽ നിന്നും ഹിസ്ബുല്ല വിഭാഗം വടക്കൻ ഇസ്രയേലിലേക്കു നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രയേൽ പൗരൻ കൊല്ലപ്പെട്ടു. ഷെല്ലാക്രമണത്തിലൂടെ ഇസ്രയേൽ തിരിച്ചടിച്ചു.

ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ മധ്യപൗരസ്ത്യദേശത്ത്‌ എവിടെയും സൈനികനീക്കം നടത്താൻ തയ്യാറാണെന്ന്‌ ഇസ്രയേൽ സൈനിക വക്താവ്‌ ഡാനിയേൽ ഹഗാരി പറഞ്ഞു. യുദ്ധം മറ്റ്‌ രാജ്യങ്ങളിലേക്കും പടരുമെന്ന ആശങ്ക ശക്തമാക്കിയിരിക്കെയാണ് സൈന്യത്തിന്റെ വെളിപ്പെടുത്തൽ.