ആൺകുട്ടിക്ക് 5,000 രൂപ, പെൺകുട്ടിക്ക് 3,000; തമിഴ്‌നാട്ടിൽ കുട്ടികളെ വില്‍ക്കാന്‍ ശ്രമിച്ച ഗൈനക്കോളജിസ്റ്റും ഇടനിലക്കാരിയും അറസ്റ്റില്‍

നാമക്കല്‍ പ്രദേശത്തുനിന്നുമാത്രമായി ഡോക്ടറും സഹായിയും ചേര്‍ന്ന് ഏഴുകുട്ടികളെ വിറ്റതായി കണ്ടെത്തി.

0
231

ചെന്നൈ: തമിഴ്നാട്ടിൽ കുട്ടികളെ വിൽക്കുന്ന ഡോക്ടറും ഇടനിലക്കാരിയും പിടിയിൽ. നാമക്കൽ തിരിച്ചങ്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ അനുരാധ, ഇടനിലക്കാരി സനാർപാളയം സ്വദേശിനി ലോകാമ്മാൾ എന്നിവരെയാണ് തിരിച്ചങ്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. രണ്ടു മുതൽ അഞ്ചു ലക്ഷം വരെ രൂപ വാങ്ങിയാണ് ഇവർ കുട്ടികളെ വിറ്റിരുന്നത്. ആൺകുട്ടിക്ക് അഞ്ചു ലക്ഷവും പെൺകുട്ടിക്ക് മൂന്നു ലക്ഷവുമാണ് ഇവർ വാങ്ങിയിരുന്നത്. എന്നാൽ, കുട്ടികളുടെ യഥാർത്ഥ മാതാപിതാക്കൾക്ക് അയ്യായിരം മുതൽ പതിനായിരം രൂപ വരെ മാത്രമേ നൽകിയിരുന്നുള്ളുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

ആൺകുട്ടിക്ക് 5,000 രൂപ, പെൺകുട്ടിക്ക് 3,000 രൂപ എന്നിങ്ങനെയാണ് ഇരുവരും കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയിട്ടുള്ളുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ഡോക്ടർ എന്ന മേൽവിലാസം ഉപയോഗിച്ചാണ് അനുരാധ കുട്ടികളെ വാങ്ങിയിരുന്നത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരെയും വിശദമായി ചോദ്യം ചെയ്തശേഷം തിങ്കളാഴ്‌ച വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തതെന്നും മന്ത്രി അറിയിച്ചു.

സൂര്യപാളയം സ്വദേശികളായ ദിനേശ്-നാഗജ്യോതി ദമ്പതികൾക്ക് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ജനിച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികൾ ഉണ്ട്. നവജാതശിശുവിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് തിരിച്ചങ്കോട് ആശുപത്രിയിലെത്തിച്ചത്. അതിനിടെ, ഡോക്ടര്‍ അനുരാധ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു. രണ്ട് പെണ്‍കുട്ടികള്‍ ഉള്ള നിങ്ങള്‍ എങ്ങനെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി വളര്‍ത്തുമെന്ന് ചോദിച്ചു. കുട്ടിയെ വില്‍ക്കാന്‍ സമ്മതമാണെങ്കില്‍ നല്ല തുക ലഭ്യമാക്കാമെന്ന് ഡോ. അനുരാധ പറഞ്ഞു. സമ്മതിക്കാതെവന്നപ്പോൾ രണ്ടുലക്ഷം രൂപ വരെ നല്‍കുമെന്ന് ഡോക്ടര്‍ ദമ്പതികളെ അറിയിക്കുകയും ചെയ്തു. ദമ്പതികള്‍ ഈ വിവരം ജില്ലാ കലക്ടറെ അറിയിച്ചു. കലക്ടറുടെ നിര്‍ദേശാനുസരണം പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാമക്കല്‍ പ്രദേശത്തുനിന്നുമാത്രമായി ഡോക്ടറും സഹായിയും ചേര്‍ന്ന് ഏഴുകുട്ടികളെ വിറ്റതായി കണ്ടെത്തി. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് കുട്ടിക്കടത്തും അവയവക്കടത്തും നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടു. സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയും പൊലീസ് രൂപീകരിച്ചു.

English Summary: Brokers who bought newborns in Tiruchengode were involved in illegal kidney racket too: TN Minister.