ഡൽഹിയിൽ ഭൂചലനം; പ്രഭവകേന്ദ്രം ഫരീദാബാദ്, 3.1 തീവ്രത

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെടുന്നത്.

0
150

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഭൂചലനം. ഡൽഹി-എൻസിആർ മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദിൽ ഇന്ന് വൈകിട്ട് 4:08 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെടുന്നത്.

ഭൂചലനം അനുഭവപ്പെട്ടതോടെ ഭയചകിതരായി ജനങ്ങൾ ഒന്നടങ്കം പുറത്തേക്കോടി. ഫ്ളാറ്റുകളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. എന്നാൽ, ഇതുവരെ നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

എലിവേറ്ററുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, മതിലുകള്‍, തൂണുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡല്‍ഹി പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര ആവശ്യങ്ങള്‍ക്കായി 112 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു. ഈ മാസം ആദ്യവാരത്തിൽ ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6 രണ്ടാമത്തേത് 6.2 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയത്.

English Summary: Strong Tremors Felt In Delhi, Nearby Areas.