പേരിടൽ കർമമാണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം. പോകുന്ന പോക്കിൽ ഒരു കല്ലിട്ട പുണ്യാളന്റെ പേര് തന്നെ വിഴിഞ്ഞം തുറമുഖത്തിന് ഇടണമെന്നാണ് ‘കോട്ടയം കുഞ്ഞച്ചൻമാർ’ കോൺഗ്രസിനുവേണ്ടി സമൂഹ മാധ്യമങ്ങളിൽ അലറിവിളിക്കുന്നത്. കുഞ്ഞച്ചൻമാരുടെ പോസ്റ്റുകൾ അതേപടി ഏറ്റെടുക്കുന്ന മൂത്തതും അല്ലാത്തതുമായ കോൺഗ്രസുകാരും, എന്തിനേറെ വി ഡി സതീശൻ വരെ ഇപ്പോൾ ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചാനൽ മുറികളിലെ കോട്ടിട്ട ചില കുഞ്ഞച്ചൻമാരും എക്സ് കെ എസ് യു കുഞ്ഞമ്മമാരും ‘കാലം കാത്തുവെച്ച ചിലത്’ എന്നൊക്കെ പറഞ്ഞ് തൊണ്ട കീറിത്തുടങ്ങിയിട്ടുമുണ്ട്.
ഒരു തുറമുഖം ചുമ്മാതെ അങ്ങ് ഉണ്ടാകുമോ..? അതിന് കല്ലിടണ്ടേ..? പുണ്യാളനും വിശുദ്ധനും ഒക്കെ ആയതുകൊണ്ട് വെറും കല്ല് മതി, അവിടെ തുറമുഖം തനിയെ ഉയർന്നുവന്നോളും എന്ന് ഇക്കൂട്ടർ സാക്ഷ്യം പറയുന്നുമുണ്ട്. തുറമുഖത്തിനല്ല, മറിച്ച് കല്ലിനാണ് പ്രസക്തി. കല്ലിട്ടില്ലെങ്കിൽ പണിയാൻ പറ്റുമോ..? കലുങ്ക് പണിതില്ലേലും സാരമില്ല, കല്ലിട്ടല്ലോ എന്ന് അതുകൊണ്ടാണ് പറയുന്നത്. അത് അറിയണമെങ്കിൽ ചുരുങ്ങിയത് ഒരു ‘പ്രസര’ എങ്കിലും ആകണം. പിന്നെ സമരം, അത് എന്തിനുവേണ്ടിയായിരുന്നു എന്ന് അറിയാമോ. സമരം തുടങ്ങിയപ്പോൾ ഞങ്ങളുടെ ഉമ്മൻചാണ്ടി കല്ലിട്ട തുറമുഖത്തിന്റെ പണി പിണറായി സർക്കാർ അങ്ങ് വേഗത്തിലാക്കി. അതിവേഗം പണി പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു പൊലീസ് സ്റ്റേഷൻ വരെ കത്തിച്ചത്. പെട്ടന്ന് പണി പൂർത്തിയാക്കി തുറമുഖം തുറന്നുകൊടുത്താൽ പിന്നെ ഉമ്മൻചാണ്ടി സാറിന്റെ പേരിടാമല്ലോ. അതായിരുന്നു പ്ലാൻ ബി. അക്കാര്യത്തിൽ വി ഡി സതീശന്റെ ക്രിയേറ്റിവിറ്റിയും ദീർഘവീക്ഷണവും ആർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
എന്നാലും ഒരു സംശയം ബാക്കി നിൽക്കുന്നുണ്ട് സതീശൻ സാറേ. സാർ വിഴിഞ്ഞത്തെ സമരപ്പന്തലിൽ നേരിട്ടുപോയി പറഞ്ഞ കുറച്ചു കാര്യങ്ങളുണ്ടല്ലോ. “പോർട്ട് വന്നാൽ തീരശോഷണം ഉണ്ടാകും, പോർട്ട് കൊണ്ട് കുഴപ്പമേ ഉണ്ടാകു, വിഴിഞ്ഞം മുതൽ ശക്തികുളങ്ങര വരെ കടലോരം നശിക്കും. വിഴിഞ്ഞത്ത് ഒരു ഭാഗത്ത് മാത്രം ഭിത്തി കെട്ടിയതിനാൽ ഭിത്തി ഇല്ലാത്ത ഭാഗത്തേക്ക് ഭിത്തിയുള്ള ഭാഗത്തെ കടലാക്രമണം കൂടി ഉണ്ടായി, തുറമുഖ നിർമാണം തുടങ്ങിയതിനുശേഷമല്ലേ ശംഖുമുഖം അടക്കം അപകടഭീഷണിയിലായത്…” അങ്ങനെ കുറെ കാര്യങ്ങൾ. അപ്പോ ന്യായമായും ഒരു ചോദ്യം ഉണ്ടല്ലോ. ഇത്രക്ക് മനുഷ്യത്വരഹിതമായ ഒരു പദ്ധതിയിലാണോ അന്ന് ഉമ്മൻചാണ്ടി സാർ ഒപ്പിട്ടത്. അതിനൊരു മറുപടി പറയേണ്ടേ. തുറമുഖത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ സതീശൻ പറഞ്ഞത് തികച്ചും ജനവിരുദ്ധമായ പദ്ധതി എന്നാണ്. അപ്പോൾ അങ്ങനെയൊരു ജനവിരുദ്ധ പദ്ധതിക്ക് തറക്കല്ലിട്ട ചാണ്ടി സാർ ജനവിരുദ്ധനാണോ എന്നും സതീശൻ പറയേണ്ടതല്ലേ. അതെങ്ങനെ ശരിയാകും. ചാണ്ടിസാർ ആകുമ്പോൾ നല്ല പദ്ധതിയും പിണറായി സർക്കാർ നടപ്പാക്കുമ്പോൾ അത് ക്രൂരമായ പദ്ധതിയുമാണെന്ന് നിഷ്പക്ഷത ‘പ്രസരിപ്പിക്കുന്ന’ ഏത് പത്രക്കാരനും അറിയാവുന്നതല്ലേ. അതുകൊണ്ടാണ് പറഞ്ഞത് ക്രൂരമായ പദ്ധതിയാണ് നടപ്പാക്കിയതെങ്കിലും കല്ലിട്ട സാറിന്റെ പേര് തന്നെ കൊടുക്കണം എന്ന്. ഇനി അഥവാ ‘ഓ സി’ എന്നൊക്കെ എഴുതിവെക്കുമ്പോൾ വ്യവസായികൾ ഓസിന് വന്ന് ചരക്കുകൾ അയക്കാൻ പാടില്ലല്ലോ. അതുകൊണ്ട് ബ്രാക്കറ്റിൽ പുതുപ്പള്ളി എന്ന് കൂടിയായാൽ കേമമായി.
ഇനിയാണ് പ്ലാൻ ബി. ആദ്യം പദ്ധതി വേണമെന്ന് പറഞ്ഞ് മൈക്ക് കെട്ടിയ ചില പാതിരിമാർ എൽഡിഎഫ് സർക്കാർ ആയപ്പോൾ ‘ഒരു ലോഡ് ശവം’ വീഴ്ത്താൻ തുനിഞ്ഞിറങ്ങിയിരുന്നു. പദ്ധതി നടപ്പാക്കിയാൽ പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞുവിടുമെന്നു പറഞ്ഞവർ വരെ പാതിരിമാരുടെ കൂട്ടത്തിലുണ്ടായി. അന്ന് സമരപ്പന്തലിൽ നേരിട്ട് വന്ന് ‘കൂവൽ’ ഏറ്റുവാങ്ങാതെ പോയ ഏക മനുഷ്യൻ വി ഡി സതീശൻ ആയിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ചാണ്ടി സാറിന്റെ പേരിട്ടില്ലെങ്കിലും സമരപ്പന്തലിന് ഞങ്ങൾ വി ഡി സതീശന്റെ പേരിടുമെന്ന് ഉറച്ച പ്രഖ്യാപനം നടത്തിക്കാൻ പോസറ്റീവ് പൊളിറ്റിക്സ് മാത്രം കൊണ്ടുനടക്കുന്ന പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടുണ്ട്. അഥവാ ഇനിയെങ്ങാനും കെ സുധാകരന്റെ പേര് സമരപ്പന്തലിന് ഇടാൻ തീരുമാനിച്ചാൽ പുതുപ്പള്ളിയിൽ വെച്ച് ‘എന്നാ താൻ ഉണ്ടാക്ക്’ എന്നുപറഞ്ഞ് മൈക്ക് നീക്കിവെച്ചപോലെ ഇവിടെ നടക്കില്ല എന്ന് സാരം.
എന്തായാലും കപ്പൽ ഇങ്ങടുത്തുകഴിഞ്ഞു. ക്രെയിനും കപ്പലും തിരിച്ചറിയാത്ത ചില പാതിരിമാർക്ക് ഉള്ളിലെ കോൺഗ്രസ് വികാരം പുറത്തുചാടുന്നത് സ്വാഭാവികമാണ്. ഒരു ലോഡ് ശവം വീണാലും തുറമുഖം നിർമിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞവർ പിന്നെയും കുത്തിത്തിരിപ്പും കുഴപ്പവും ഉണ്ടാക്കാൻ നോക്കി. പക്ഷേ ഒത്തില്ല. വിഴിഞ്ഞം മാത്രമല്ല, കേരളമാകെ ഈ അഭിമാനപദ്ധതി യാഥാർഥ്യമാകുന്നതിൽ ആഹ്ലാദം കൊള്ളുകയാണ്. ശനിയാഴ്ച വൈകിട്ട് വിഴിഞ്ഞവും പരിസരവും അലങ്കാരബൾബുകൾ കൊണ്ട് നിറച്ചാർത്തണിഞ്ഞതുകണ്ട് നാട്ടുകാർ തന്നെ ചില പാതിരിമാരോട് ചോദിക്കുന്നത് ‘ഇപ്പൊ എങ്ങനിരിക്കിണ്’ എന്നാണ്.
വേദപുസ്തകത്തിൽ ഇങ്ങനെ പറയുന്നു- “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു. (സദൃശ്യവാക്യങ്ങൾ 29:11)”.
English Summary: Vizhinjam Port; V D Satheesan is embarrassed.