വിഴിഞ്ഞത്തെ ആദ്യ കപ്പല്‍ കാണാന്‍ പാസ് വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

കപ്പൽ കാണാൻ എത്തുന്നവർക്ക് പ്രത്യേക സർവീസുകളൊരുക്കി കെഎസ്ആർടിസിയും.

0
1449

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിടുന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം. എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. പ്രവേശനത്തിന് പ്രത്യേക പാസുകള്‍ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പങ്കെടുക്കുന്നവര്‍ മൂന്നു മണിക്ക് മുമ്പായി എത്തിച്ചേരണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

മന്ത്രിയുടെ കുറിപ്പ്

പ്രിയപ്പെട്ടവരുടെ ശ്രദ്ധയിലേക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ (15.10.2023) വൈകിട്ട് 4 മണിക്ക് ആരംഭിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് 3 മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരേണ്ടതാണ്. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവന്‍ ബഹുജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാഡില്‍ നിന്നും ഉച്ചക്ക് 2 മണി മുതല്‍ വിഴിഞ്ഞത്തേക്കും, 6 മണി മുതല്‍ തിരിച്ചും സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ചും ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കുക.

കപ്പൽ കാണാൻ കെഎസ്ആര്‍ടിസി ബസിൽ പോകാം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ എത്തുന്നത് കാണാനെത്തുന്നവർക്കായി യാത്രാസംവിധാനങ്ങളൊരുക്കി കെഎസ്ആര്‍ടിസി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് എത്തുവാനും തിരികെ വരുവാനും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണിവരെ തമ്പാനൂരില്‍ നിന്ന് വിഴിഞ്ഞത്തേക്കും മൂന്നു മുതല്‍ ഏഴു മണി വരെ തമ്പാനൂരിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്കും വിഴിഞ്ഞത്തേക്ക് എത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

English Summary: KSRTC has provided services for those who come to see the first ship in Vizhinjam.