ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള ആദ്യവിമാനം ഡൽഹിയിൽ; തിരിച്ചെത്തിയത് മലയാളികളടക്കം 212 പേര്‍

ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി.

0
204

ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാ​ഗമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. പുലർച്ചെ ആറോടെയാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹി വിമാനത്താവളത്തിലെത്തിയത്. 212 പേരാണ് സംഘത്തിലുള്ളത്. ഇതിൽ 7 മലയാളികളുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേരള ഹൗസ് പ്രതിനിധികളും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൗരന്മാരെ സ്വീകരിച്ചു. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്. 18000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്.

കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം സി, കൊല്ലം കിഴക്കുംഭാഗം സ്വദേശി ഗോപിക ഷിബു, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍നായര്‍, ഭാര്യ രസിത ടി പി എന്നിവര്‍ രാവിലെ 11.05 നുള്ള എ ഐ 831 നമ്പര്‍ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25 ന് കൊച്ചിയിലെത്തും.

തിരികെ എത്തുന്ന മലയാളികളെ സഹായിക്കാൻ ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയിരുന്നു. ഇത് കാരണം ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്ക് തിരികെ വരാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1800118797, +91-1123012113, +911123014104, +911123017905, +919968291988 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. [email protected]. എന്ന ഇമെയിലിലൂടെയും ബന്ധപ്പെടാം.

English Summary: ‘Operation Ajay’ first flight from Israel reached in India.