സൗദിയിൽ നാല് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം; ധാരണാപത്രം ഒപ്പിട്ട് മന്ത്രാലയങ്ങൾ

ഡിജിറ്റൽ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

0
126

ജിദ്ദ: സൗദിയിൽ കൂടുതൽ മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. നാല് മേഖലകളിൽ കൂടി പുതുതായി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് പുതിയതായി സൗദിവൽക്കരണം നടപ്പിലാക്കുക. ഡിജിറ്റൽ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

മാധ്യമ മേഖലയുമായി ബന്ധപ്പെട്ട നാല് വിഭാഗത്തിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള തീരുമാനം. ഡിജിറ്റൽ അഡ്വർട്ടൈസിംഗ്, ഡിജിറ്റൽ ഗെയിമുകൾ, ഡിജിറ്റൽ വീഡിയോ, ഡിജിറ്റൽ ഓഡിയോ എന്നീ നാലു പ്രധാന മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാനാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇതിനായി മാനവശേഷി വികസന നിധിയും മീഡിയ മന്ത്രാലയവും തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഡിജിറ്റൽ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിനായി സ്വദേശികളെ പരിശീലിപ്പിക്കാനും പ്രാപ്തരാക്കാനും കഴിവുകൾ പരിപോഷിപ്പിക്കാനും ലക്ഷ്യം വെച്ചുള്ളതാണ് കരാർ. മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെയും മീഡിയ മന്ത്രി സൽമാൻ അൽദോസരിയുടെയും മാനവശേഷി വികസന നിധി എക്സിക്യൂട്ടീവ് ഡയറക്ടർ സാമിൽ അൽ റയ്യാന്റെയും സാന്നിധ്യത്തിലാണ് ധാരണ പത്രം ഒപ്പുവെച്ചത്.

English Summary: In Saudi Arabia, indigenization will be implemented in four more areas.