ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സികൾ; പരീക്ഷണയോട്ടം തുടങ്ങി

ഷെവർലേ ബോൾട്ട് കാറുകളാണ് ഡ്രൈവറില്ലാ ടാക്സികളാക്കി ഇറക്കിയിട്ടുള്ളത്.

0
134

ദുബൈ: നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങി. ജുമൈറ വൺ മേഖലയിലാണ് സ്വയംനിയന്ത്രിച്ച് ഓടുന്ന ടാക്സികളുടെ പരീക്ഷണയോട്ടം നടക്കുന്നത്. പരീക്ഷണഘട്ടമായതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറില്ലാ ടാക്സിയിൽ പക്ഷെ, ഡ്രൈവറുണ്ടാകും. ജുമൈറ-1 മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണത്തിനായി റോഡിലിറക്കിയത്. ദുബൈ നഗരത്തിന്റെ സ്വഭാവമനുസരിച്ച് സ്വയം നിയന്ത്രിത ടാക്സികളുടെ പ്രവർത്തനം കൂടുതൽ കൃത്യമുള്ളതാക്കുന്നതിനാണ് പരീക്ഷണയോട്ടം.

ജുമൈറ-1 ഏരിയയുടെ വിജയകരമായ ഡിജിറ്റൽ മാപ്പിങ് പൂർത്തിയായതായും പൂർണ ഓട്ടോമേറ്റഡ് സെൽഫ് ഡ്രൈവിങ് ടാക്‌സികൾ ഒക്ടോബറിൽ ആരംഭിക്കുമെന്നും ആർടിഎയിലെ ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി നേരത്തെ അറിയിച്ചിരുന്നു. 2030 ഓടെ ദുബൈയിലുടനീളം 4,000 ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറങ്ങും. ജുമൈറ ഏരിയയിൽ മണിക്കൂറിൽ 70 കിലോമീറ്ററായിരിക്കും വേഗപരിധി. ക്രൂയിസ് ബോൾട്ട് ടാക്‌സികളിൽ മൂന്ന് പേർക്ക് സഞ്ചരിക്കാം. നിരക്ക് ആർടിഎ നിശ്ചയിച്ചിട്ടില്ല. ദുബൈയിലെ സാധാരണ ക്യാബുകളേക്കാൾ 30 ശതമാനം കൂടുതലുള്ള ലിമോ ടാക്‌സികളുടെ നിരക്കിനോട് തുല്യമായിരിക്കുമെന്നാണ് സൂചന. ഷെവർലെ ബോൾട്ട് കാറുകളാണ് സെൽഫ്‌ഡ്രൈവിങ് ടാക്‌സിയായി വരുന്നത്. പൂർണമായും ഇലക്ട്രികും എമിഷൻഫ്രീയുമാണ്.

ഷെവർലേ ബോൾട്ട് കാറുകളാണ് ഇപ്പോൾ ഡ്രൈവറില്ലാ ടാക്സികളാക്കി നിരത്തിലിറക്കിയിരിക്കുന്നത്. 2030ഓടെ ദുബൈ നഗരത്തിലെ വാഹനങ്ങളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനമാക്കണമെന്ന ദുബൈ ഭരണാധികാരി മുന്നോട്ടുവെച്ച ലക്ഷ്യം കൈവരിക്കാനാണ് ഈ മേഖലയിൽ പരീക്ഷണങ്ങൾ സജീവമായി പുരോഗമിക്കുന്നത്.

English Summary: Driverless taxis in Dubai, Trial run has begun.