ഇസ്രയേല്‍ വ്യോമാക്രമണം; വിദേശികൾ ഉൾപ്പെടെ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്

150 പേരെ ഹമാസ് ബന്ദികൾക്കിയിട്ടുണ്ടെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ഇസ്രയേൽ.

0
292

ഗാസ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ വ്യോമാക്രമണത്തിലാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിലടക്കം അഞ്ചിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസദ്ദീൻ അല്‍-ഖസ്സാം ബ്രിഗേഡും പ്രസ്താവനയിൽ അറിയിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണമാണ് തുടരുന്നത്.

ഹമാസ്‌ ബന്ദികളാക്കിയ ഇസ്രയേലുകാരെ മോചിപ്പിക്കാതെ മേഖലയിലേക്ക്‌ വെള്ളവും വൈദ്യുതിയും ഇന്ധനവും അനുവദിക്കില്ലെന്ന് ഇസ്രയേൽ
നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സൈനികരും സാധാരണക്കാരുമടക്കം 150 പേരെ ഹമാസ് ബന്ദികൾക്കിയിട്ടുണ്ടെന്നും ഇവരെ ഉടൻ മോചിപ്പിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പില്ലാതെ ജനവാസകേന്ദ്രങ്ങളില്‍ ബോംബിട്ടാല്‍ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഹമാസ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

അതിനിടെ, വടക്കന്‍ ഗാസയില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുപോകാനുള്ള ഇസ്രയേലിന്റെ അന്ത്യശാസനം അവഗണിക്കാന്‍ ഹമാസിന്റെ ആഹ്വാനം. വീടുകളില്‍ ഉറച്ച് നില്‍ക്കാനും അധിനിവേശം നടത്താനുള്ള വെറുപ്പുളവാക്കുന്ന മനശാസ്ത്രയുദ്ധത്തെ നേരിടാനുമാണ് ഹമാസ് വടക്കന്‍ ഗാസയിലെ ജനങ്ങളോട് അഹ്വാനം ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ കരയുദ്ധം നടത്തിയാല്‍ നേരിടുമെന്ന് ഹമാസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ അന്ത്യശാസനത്തിന് ശേഷം ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും തെരുവുകള്‍ വിജനമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1868 ആയി. ഗാസയില്‍ 1537 പേര്‍ കൊല്ലപ്പെടുകയും 6612 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 600 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ പക്ഷത്ത് 1300 പേര്‍ കൊല്ലപ്പെടുകയും 3200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

English Summary: ‘Foreigners’ among 13 hostages killed in Israeli airstrikes on Gaza: Hamas.