മണ്ണാർക്കാട് കാട്ടാന ചരിഞ്ഞ നിലയിൽ; പിടിയാനയുടെ ജഡം കണ്ടത് ജനവാസമേഖലയിൽ

തിരുവിഴാംകുന്ന് കോട്ടാണിക്കുന്ന് റിസർവനത്തിലെ കമ്പിപ്പാറ ഭാഗത്തായിരുന്നു ജഡം.

0
141

പാലക്കാട്: മണ്ണാർക്കാട് കച്ചേരിപറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്താണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. പത്ത് വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡം വനംവകുപ്പ് വാച്ചർമാരാണ് കണ്ടത്. അധികൃതർ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു.

തിരുവിഴാംകുന്ന് കോട്ടാണിക്കുന്ന് റിസർവനത്തിലെ കമ്പിപ്പാറ ഭാഗത്തായിരുന്നു കാട്ടാനയുടെ ജഡം കിടന്നിരുന്നത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യമുണ്ടായിരുന്നു. പത്തിലേറെ കാട്ടാനകൾ ഇവിടെ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തിയതോടെ മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ആനകളെ സൈലന്റ് വാലി വന മേഖലയിലേക്ക് തുരത്തി. ഇതിനുശേഷം പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

English Summary: Dead body of Wild Elephant found at Mannarkkad.