സിക്കിമിലെ മിന്നല്‍ പ്രളയം; മരണം 53, സൈനികരുടേതടക്കം 27 മൃതദേഹം കണ്ടെടുത്തു, മൂവായിരത്തോളം പേര്‍ കുടുങ്ങി

പ്രളയഭീഷണി കണക്കിലെടുത്ത് പശ്ചിമബംഗാളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

0
220

ഗ്യാങ്ടോക്ക്: സിക്കിമിലെ മേഘവിസ്ഫോടനത്തെത്തുടർന്നുള്ള മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു. ഇതുവരെ 27 മൃതദേഹങ്ങൾ കണ്ടെടുത്തു. ഏഴു സൈനികര്‍ ഉള്‍പ്പെടെയാണിത്. ടീസ്റ്റ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബം​ഗാളിലെ ​ഗജോല്‍ഡോബ, മൈന​ഗുരി, കോട്-വാലി പ്രദേശങ്ങളില്‍ നിന്നാണ് ഒലിച്ചുപോയ മൃതദേഹങ്ങളില്‍ ഭൂരിഭാ​ഗവും കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഒഴുക്കിൽപ്പെട്ട 140 പേരെക്കുറിച്ച് ഇതുവരെയായിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

ലാചന്‍, ലാചുങ് മേഖലകളില്‍ മൂവായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചുങ്താങ് അണക്കെട്ടിനോട് ചേർന്നുള്ള തുരങ്കത്തിൽ 14 പേർ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ഊർജ്ജിതശ്രമങ്ങൾ നടന്നുവരികയാണ്. സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ടീസ്റ്റ നദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും ശക്തമായ ഒഴുക്കും അടിഞ്ഞു കൂടിയ ചെളിയും വെല്ലുവിളിയാണ്. 2413 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. 1173 വീടുകൾ തകർന്നു. നിരവധി കുടിവെള്ള പൈപ്പ്ലൈനുകളും വൈദുതിലൈനുകളും തകർന്നുതരിപ്പണമായി. 14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം താറുമാറായി.

സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ ഉപയോ​ഗിച്ച് എല്ലാവരെയും രക്ഷിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് പറഞ്ഞു. മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികള്‍ അണക്കെട്ടിന്റെ തുരങ്കങ്ങളില്‍ കുടുങ്ങിയതായി പഥക് അറിയിച്ചു. വിനോദസഞ്ചാരികള്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പ്രളയജലം ഇറങ്ങിയാലുടന്‍ സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സമ​ഗ്രമായ വിലയിരുത്തല്‍ നടത്തുമെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി.

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിച്ചിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ നിർദ്ദേശിച്ചു. അതിനിടെ, പ്രളയഭീഷണി കണക്കിലെടുത്ത് പശ്ചിമബംഗാളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ ജൂണില്‍ വടക്കന്‍ സിക്കിം ജില്ലയില്‍ മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകിയതിന്റെ ഫലമായി ലാചെന്‍, ലാചുങ് തുടങ്ങിയ പ്രദേശങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരുന്നു.

English Summary: Sikkim flash flood death toll rises to 53, over 2,400 rescued.