ബംഗളൂരു: ഒരു രാത്രി ഇരുട്ടി വെളുക്കുംമുമ്പേ ലക്ഷങ്ങൾ വിലമതിക്കുന്ന ബസ് ഷെൽട്ടർ മോഷണം പോയി. ബംഗളൂരു നഗരത്തിലെ 24 മണിക്കൂറും തിരക്കേറിയ കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ച ബസ് ഷെൽട്ടറാണ് ‘മൂടോടെ പൊക്കിയത്’. സ്റ്റീൽ ഉപയോഗിച്ച് 10 ലക്ഷം രൂപ മുടക്കിയാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരുന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് പുതിയ ബസ് ഷെൽട്ടർ സ്ഥാപിച്ചത്. നിർമാണം പൂർത്തിയാക്കി ഒരാഴ്ച തികയും മുമ്പാണ് മോഷണം. ബിഎംടിസിക്ക് വേണ്ടി ബസ് ഷെൽട്ടർ നിർമിക്കുന്ന കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി നൽകിയ പരാതിയിൽ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്റ്റീൽ തൂണുകൾ, കസേരകൾ, മേൽക്കൂര എന്നിവയെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. ബസ് ഷെൽട്ടർ സ്ഥാപിക്കാൻ കുഴിച്ചിട്ട തൂണുകൾ പോലുമില്ല. ആകെ ബാക്കിയുള്ളത് തൂണുകൾ സ്ഥാപിക്കാൻ ഇകള്ളിമാറ്റിയ നാല് കുഴികൾ മാത്രമാണ്. ഏതാനും ഇന്റർലോക്ക് കല്ലുകൾ ഇളകിക്കിടക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മോഷണം നടന്നു ഒരു മാസം പിന്നിട്ടശേഷം സെപ്തംബർ 30 നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ‘ഉദയവാണി’ റിപ്പോർട്ട് ചെയ്തു.
ആഗസ്ത് 21നാണ് ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. 28ന് എത്തിയപ്പോൾ ബസ് ഷെല്‍ട്ടര്‍ ഇരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിരുന്നില്ലെന്ന് എൻ രവി റെഡ്ഡി പറഞ്ഞു. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറകിലായാണ് മോഷണം നടന്നത്. നിയമസഭാ മന്ദിരമായ വിധാന സൗധയിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് മോഷണം നടന്ന സ്ഥലത്തേക്കുള്ളത്. ദിവസം മുഴുവനും പൊലീസ് നിരീക്ഷണമുള്ള സ്ഥലം കൂടിയാണിത്. ഇത്രയേറെ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴാണ് ബസ് ഷെൽട്ടർ മൂടോടെ തന്നെ കടത്തിയത്. ലിംഗരാജപുരം, ഹെന്നൂർ, ബാനസവാടി, പുലികേശിനഗർ, ഗംഗേനഹള്ളി, ഭൂപസാന്ദ്ര, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാർക്ക് അഭയം നൽകിയിരുന്ന ബസ് ഷെൽട്ടറാണ് മോഷണം പോയത്.
ബംഗളൂരുവിൽ ബസ് ഷെൽട്ടറുകൾ ദുരൂഹ സാഹചര്യത്തിൽ മോഷണം പോകുന്നത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിലെ മുപ്പത് വര്ഷം പഴക്കമുള്ള ബസ് ഷെൽട്ടർ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു. കല്യാൺ നഗറിലെ ബസ് സ്റ്റാൻഡ് 1990 ൽ ലയൺസ് ക്ലബ്ബ് സംഭാവന ചെയ്തതായിരുന്നു. ഒരു വാണിജ്യ സ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായി ഇത് ഒറ്റരാത്രികൊണ്ട് അനധികൃതമായി നീക്കം ചെയ്യുകയായിരുന്നുവെന്നായിരുന്നു പരാതി. സമീപത്തെ വ്യാപാര സ്ഥാപനത്തിനെതിരെ പരാതി ഉയർന്നെങ്കിലും ഒന്നും ഉണ്ടായില്ല. 2015ൽ ദൊഡ്ഡപ്പനഹള്ളിയിൽ ഹൊറൈസൺ സ്‌കൂളിനടുത്തുള്ള ബസ് ഷെൽട്ടറും 2014ൽ രാജരാജേശ്വരി നഗറിൽ ബിഇഎംഎൽ ലേഔട്ട് തേർഡ് സ്റ്റേജിലെ ഇരുപത് വര്ഷം പഴക്കമുള്ള ബസ് ഷെൽട്ടറും മോഷണം പോയിരുന്നു.
English Summary: Bus Stop Worth 10 Lakh Stolen In Bengaluru, Police Launch Probe.