‘ബെൾത്തിട്ട് പാറും ക്രീമുകൾക്ക്’ പണി കിട്ടും; നിർമാതാക്കളെ തേടി ദേശീയ രഹസ്യാന്വേഷണ വിഭാഗം

മുംബൈയിലെ സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ലെന്ന് കണ്ടെത്തി.

0
138

മലപ്പുറം: വടക്കൻ കേരളത്തിലും മലബാർ മേഖലയിലും വൃക്ക തകരാറിലാക്കുന്ന വ്യാജ ഫെയര്‍നെസ് ക്രീം അടക്കമുള്ള ഉൽപ്പന്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഇത്തരം വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ അനധികൃതമായി വൻതോതിൽ വിറ്റഴിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് അന്വേഷണം. വിപണിയിൽ വരുന്ന ഇത്തരം ക്രീമുകൾക്ക് കൃത്യമായ നിർമാണ മേൽവിലാസമില്ല. മലപ്പുറത്ത് ‘യൂത്ത് ഫെയ്‌സ്’, ‘ഫൈസ’, തുടങ്ങിയ ചർമം വെളുപ്പിക്കാൻ‌ ക്രീമുകൾ ഉപയോ​ഗിച്ച 11 പേർക്ക് നെഫ്രോടിക് സിൻഡ്രോം എന്ന രോ​ഗാവസ്ഥ കണ്ടെത്തിയിരുന്നു.

ഇതിൽ ​ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടർച്ചയായി ‘യൂത്ത് ഫെയ്‌സ്’ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തി. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗം മേധാവി ഡോ. പി എസ് ഹരി പറഞ്ഞു. ചില ക്രീമുകളിൽ രസവും കറുത്തീയവും ഉൾപ്പെടെയുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫീസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വിൽപന നിരീക്ഷിച്ചുവരികയായിരുന്നു.

‘യൂത്ത് ഫെയ്സ്’ എന്ന ക്രീമിൽ നിർമാതാക്കളുടെ വിവരങ്ങൾ കൊടുത്തിട്ടില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ലെന്ന് കണ്ടെത്തി. ചർമ്മത്തിന് പെട്ടന്ന് തിളക്കമുണ്ടാകാൻ ഉപയോ​ഗിക്കുന്ന ഇത്തരം ക്രീമുകളിൽ ലോഹമൂലകങ്ങൾ അമിതമായ അളവിൽ ഉള്ളതിനാൽ അത് രക്തത്തിൽ കലർന്ന് വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്തസമ്മർദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം ഇതാണ് നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥ.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇത്തരം വ്യാജ ഫെയര്‍നെസ് ക്രീം വൻതോതിൽ വിറ്റഴിക്കുന്നത്. കാസർകോട് ടൗണിലെയും ജില്ലയുടെ മറ്റുചില മേഖലകളിലെയും ചെറുപ്പക്കാർ ‘ബെൾത്തിറ്റ് പാറും’ എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ ഫെയര്‍നെസ് ക്രീമുകൾക്ക് വലിയ പ്രചാരം കൊടുത്തിരുന്നു. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

English Summary: Fake fareness Cream National Intelligence Starts Investigation.