ഏഷ്യന്‍ ഗെയിംസ് ഹോക്കി: പൊന്നണിഞ്ഞ് ഇന്ത്യ, സുവർണനേട്ടം ഒമ്പത് വര്‍ഷത്തിനു ശേഷം

ഇതോടെ 2024ലെ പാരീസ് ഒളിമ്പിക്‌സിനുളള യോഗ്യതയും പുരുഷ ഹോക്കി ടീം നേടി.

0
266

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് തകർത്താണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി. മൻപ്രീത് ​സിം​ഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ​ഗോൾ വല ചലിപ്പിച്ചു. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണമെഡലുകളുടെ എണ്ണം 22 ആയി.

ജയത്തോടെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി. മലയാളി താരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്. ഹോക്കിയില്‍ ഇന്ത്യ ആധിപത്യം വീണ്ടെടുക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഫൈനൽ മത്സരം. ഏഷ്യൻ ഗെയിംസിന്റെ ഹോക്കിയിൽ ഒരു മത്സരത്തിലും ഇന്ത്യ മികവ് തെളിയിച്ചതാണ് മുന്നേറിയത്. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ വെങ്കലമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

ഹോക്കിയിലും പൊന്നണിഞ്ഞതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 91 ആയി ഉയർന്നു. 22 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലുമാായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

English Summary: India Hockey team beats Japan to win Gold, secures Paris Olympics ticket.