സാഹിത്യ നൊബേൽ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയ്ക്ക്

യോൺ ഫോസെ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമെന്ന് പുരസ്‌ക്കാരസമിതി.

0
170

സ്‌റ്റോക്‌ഹോം: 2023ലെ സാഹിത്യത്തിനുളള നൊബേൽ നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയ്ക്ക്. തന്റെ എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമാകാൻ യോൺ ഫോസെയ്ക്ക് കഴിഞ്ഞുവെന്ന് പുരസ്കാര സമിതി വിലയിരുത്തി. നാടകങ്ങൾ, നോവൽ, കവിതകൾ, പ്രബന്ധങ്ങൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ, തർജമ തുടങ്ങി വിവിധ സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചു. ലോകത്ത് പലയിടത്തും അവതരിപ്പിക്കപ്പെടുന്ന നാടകങ്ങൾ യോൺ ഫോസെയുടേതാണ്. ഗദ്യത്തിലും മികവ് പുലർത്തുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും മികച്ച സമകാലിക നാടകകൃത്തുക്കളില്‍ ഒരാളായാണ് യോൺ ഫോസെ വിലയിരുത്തപ്പെടുന്നത്. ഡ്രീം ഓഫ് ഓട്ടം, ദി നെയിം എന്നീ നാടകങ്ങൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടു.

നാടകങ്ങൾക്കുപുറമെ നിരവധി നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. കൃതികള്‍ നാല്‍പ്പതിലധികം ഭാഷകളിലേക്ക് വര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദ ഡെയ്‌ലി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന 100 മികച്ച പ്രതിഭകളുടെ പട്ടികയില്‍ ഫോസ് 83-ാം സ്ഥാനം നേടിയിട്ടുണ്ട്. 2007-ല്‍ ഫ്രാന്‍സിലെ ഓര്‍ഡ്രെ നാഷണല്‍ ഡു മെറിറ്റിന്റെ ഷെവലിയറായി ഫോസെയെ നിയമിച്ചു.

ക്രിസ്റ്റഫർ ഫൊസ്സെ- വിഗ്‌ഡിസ് നന്ന എർലൻഡ് ദമ്പതികളുടെ മകനായി നോർവേയിലെ ഹാഗി‌സണ്ടിൽ 1959 സെപ്റ്റംബർ 29ന് ജനനം. 1983-ല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) എന്ന നോവലിലൂടെയാണ് എഴുത്തിന്റെ ലോകത്തെത്തുന്നത്. ആദ്യ നാടകമായ ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് 1994-ല്‍ പുറത്തിറങ്ങി. നോര്‍വീജിയന്‍ കലകള്‍ക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നോര്‍വീജിയന്‍ സര്‍ക്കാര്‍ ആദരിച്ചു.

ഇനി സമാധാന നൊബേലും സാമ്പത്തിക നൊബേലുമാണ് പ്രഖ്യാപിക്കാനുള്ളത്. സമാധാന നൊബേൽ വെള്ളിയാഴ്ചയും സാമ്പത്തിക നൊബേൽ തിങ്കളാഴ്ചയും പ്രഖ്യാപിക്കും.

English Summary: Jon Fosse ‘give voice to the unsayable’, the Swedish Academy