ഒമാനിൽ വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

0
151

ഒമാൻ : രാജ്യത്ത് അടുത്ത മൂന്ന് ദിവസത്തിനിടയിൽ അന്തരീക്ഷ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം 2023 ഒക്ടോബർ 5 മുതൽ ഒക്ടോബർ 7 വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില 45 ഡിഗ്രി വരെ എത്തുന്നതിന് സാധ്യതയുണ്ട്. ഒക്ടോബർ 5-ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ, സൗത്ത് അൽ ശർഖിയയിലെ മരുഭൂ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നാല്പത് മുതൽ നാല്പത്തഞ്ച് ഡിഗ്രി വരെ ചൂട് രേഖപ്പെടുത്താനിടയുണ്ട്.

ഒക്ടോബർ 6-ന് സൗത്ത് അൽ ബതീന, മസ്‌കറ്റ് തുടങ്ങിയ ഗവർണറേറ്റുകളുടെ പർവ്വതപ്രദേശങ്ങളിലും സമാനമായ ചൂട് രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മരുഭൂ പ്രദേശങ്ങളിൽ മൂന്ന് ദിവസത്തേക്ക് അന്തരീക്ഷ താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.