പീഡന പരാതി; നടൻ ഷിയാസ് കരീം പിടിയിൽ

ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്.

0
396

ചെന്നൈ: പീഡന കേസിൽ ആരോപണവിധേയനായ നടൻ ഷിയാസ് കരീം പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ വിമാനത്താവളത്തിൽ വെച്ച് തന്നെ ഷിയാസിനെ കസ്റ്റംസ് തടയുകയായിരുന്നു. ചന്തേര പൊലീസിനെ ചെന്നൈ കസ്റ്റംസ് വിഭാഗം വിവരം അറിയിച്ചു. പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.

ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ആണ് കേസ്. കാസർകോട് ജില്ലയിലെ ചന്തേര പൊലീസാണ് ഷിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായിരുന്നു പരാതിക്കാരി.

വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ പീഡിപ്പിച്ചു. 11 ലക്ഷം വാങ്ങി വഞ്ചിച്ചെന്നുമാണ്‌ പരാതി. 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്‌ജിലും മൂന്നാറിലെ റിസോർട്ടിലും വെച്ച് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. എന്നാൽ, ആരോപണങ്ങൾ ഷിയാസ് നിഷേധിച്ചിരുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിം ട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32 കാരി ഷിയാസുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍തമ്മില്‍ അടുത്ത പരിചയത്തിലാവുകയും ചെയ്തു.

സ്ഥാപനത്തില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് തട്ടിയെടുത്തുവെന്നാണ് യുവതി പറയുന്നത്. പരസ്യമോഡലായിരുന്ന ഷിയാസ് കരീം ബിഗ്‌ബോസ് ഷോയിലൂടെയാണ് ശ്രദ്ധേയനായത്. ഇതിനുശേഷം ഷിയാസിന് നിരവധി സിനിമകളില്‍ അവസരം ലഭിച്ചു. സോഷ്യല്‍മീഡിയയില്‍ താരമായ ഷിയാസ് സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിച്ച് ഏറെ ശ്രദ്ധേയനായിരുന്നു.

English Summary: Actor Shias Karim arrested in Chennai.