പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക വിവരം.

0
184

പാലക്കാട്: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വണ്ടാഴി രാജീവ് ജംഗ്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻവീട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ഗ്രേസിയാണ് (63) മരിച്ചത്. ബുധനാഴ്ച രാവിലെ സ്വന്തം കപ്പത്തോട്ടത്തില്‍ മരിച്ച നിലയില്‍ ഗ്രേസിയെ കണ്ടെത്തുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ഗ്രേസി സ്വന്തം കൃഷിയിടത്തില്‍ പന്നിയെ പിടികൂടുന്നതിനായി കെണിവെച്ചപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതാണെന്നാണ് പ്രാഥമിക വിവരം. രാവിലെ മീന്‍ വില്‍ക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കരിങ്കരപുള്ളിയില്‍ രണ്ട് യുവാക്കള്‍ പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍പെട്ട് മരിച്ചിരുന്നു. ഷിജിത്ത്, സതീഷ് എന്നിവരാണ് മരിച്ചത്. പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് യുവാക്കള്‍ വൈദ്യുതി കെണിയില്‍ കുടുങ്ങിയത്. സ്ഥലമുടമ അനന്തൻ പന്നിക്ക് വെച്ച കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി ഇയാള്‍ യുവാക്കളുടെ വയര്‍ കീറിയശേഷം മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിടുകയായിരുന്നു.

English Summary: Housewife died of shock from the trap set for the pig.